സഊദിയില്‍ കനത്ത മഴ; നാല് മരണം
റിയാദ്: ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന ശക്തമായ മഴയില്‍ നാല് മരണം. ഒഴുക്കില്‍ പെട്ട് മൂന്നു പേരും ഇടിമിന്നലേറ്റ് ഒരാളുമാണ് മരിച്ചത്. ചില മേഖലകളില്‍ റോഡുകള്‍ ഒലിച്ചുപോയതിനെ തുടര്‍ന്നും ഐസ് മഴയെ തുടര്‍ന്നും ഗതാഗതം നിരോധിച്ചിട്ടുണ്ട്. അല്‍ബാഹ, ഹായില്‍, തബൂക്ക് എന്നിവിടങ്ങളിലാണ് ഒഴുക്കില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. അല്‍ബാഹ പ്രവിശ്യയിലെ അല്‍ഹജ്‌റയില്‍ അബൂജഅ്ഫര്‍ അല്‍മന്‍സൂര്‍ ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ പന്ത്രണ്ടുകാരനായ സഊദി ബാലനാണ് മരിച്ചത്. പടിഞ്ഞാറന്‍ ഹായിലില്‍ അല്‍ശംലിയില്‍ അല്‍ശംലിയിലെ വാദി ഇസ്ബതറിലാണ് മറ്റൊരു യുവാവ് ഒഴുക്കില്‍പെട്ടത്. താഴ്‌വാരക്കു സമീപം ഉല്ലാസ യാത്രക്കെത്തിയ യുവാവ് പ്രളയത്തില്‍ പെട്ട ബാലനെ രക്ഷപ്പെടുത്തുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കില്‍ പെട്ടത്. നാലു മണിക്കൂര്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹം കണ്ടെത്തിയത്.
ഏതാനും പേരെ രക്ഷപ്പെടുത്തിയതിനാല്‍ കൂടുതല്‍ മരണം ഒഴിവാക്കാനായി. തബൂക്കിലെ അല്‍ ബദഇല്‍ പ്രളയത്തില്‍ പെട്ട് ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അല്‍ബദഅ് വാദി അഫാലിലാണ് ഇവര്‍ പ്രളയത്തില്‍ പെട്ടത്. തബൂക്കില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രളയത്തില്‍ പെട്ട 34 പേരെ സിവില്‍ ഡിഫന്‍സും കിംഗ് ഫൈസല്‍ വ്യോമ താളവത്തില്‍ നിന്നുള്ള സൈനികരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇക്കൂട്ടത്തില്‍ 26 പേരെ വാദി അല്‍സുറുവില്‍ നിന്നു എട്ടു പേരെ വാദി അഫാലില്‍ നിന്നുമാണ് രക്ഷപ്പെടുത്തിയത്. മക്കയില്‍ ഒരു സഊദി സ്ത്രീ മിന്നലേറ്റ് മരിക്കുകയും ചെയ്തു. ഏതാനും ദിവസം കൂടി ശക്തമായ മഴ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."