മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്ക് സുപ്രിംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: കശ്മിരില്‍ വീട്ടുതടങ്കലിലുള്ള പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ ഇല്‍തിജ മുഫ്തിക്ക് സുപ്രിംകോടതിയുടെ അനുമതി. ഇല്‍തിജക്ക് എപ്പോള്‍ വേണമെങ്കിലും ശ്രീനഗറില്‍ പോകാമെന്നും മാതാവിനെ കാണാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശ്രീനഗറില്‍ താമസിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ മാത്രമാണ് അനുമതിയുണ്ടാകുക. കശ്മിരിന്റെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ അധികൃതരുടെ അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഓഗസ്റ്റ് അഞ്ചു മുതല്‍ മാതാവുമായി ഫോണില്‍ സംസാരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈയില്‍ താമസിക്കുന്ന ഇല്‍തിജ സുപ്രിംകോടതിയെ സമീപിച്ചത്. മാതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കയും അവര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതിനായി സുപ്രിംകോടതിയെ സമീപിച്ചതിനെ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. ഇതിനായി ജില്ലാ മജിസ്ട്രേറ്റിനെയാണ് സമീപിക്കേണ്ടതെന്നായിരുന്നു വേണുഗോപാലിന്റെയും തുഷാര്മേത്തയുടെയും നിലപാട്.
എന്നാല്‍ ഇത് സുപ്രിംകോടതി അംഗീകരിച്ചില്ല. സുപ്രിംകോടതിയിലെത്തിയതില് തെറ്റില്ലെന്നും മകള്‍ മാതാവിനെ കാണുന്നതിനെ എങ്ങനെ നിങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."