ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ ഇക്കോ ടൂറിസം പദ്ധതി, വിപുലമായ പ്ലാനുമായി സര്‍ക്കാര്‍
തിരുവനന്തപുരം: പാറഖനനം കഴിഞ്ഞ ശേഷം ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ ഏറ്റെടുത്ത് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പരിസ്ഥിതിക്ക് ഏറെ ആഘാതമേല്‍പ്പിച്ചുകൊണ്ടു നടത്തിയ പാറ ഘനനത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ക്വാറികളെ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കി ശാസ്ത്രീയമായ രീതിയില്‍ പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യം. ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട ഒരു ക്വാറി ഏറ്റെടുത്ത് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക സംതുലിതാവസ്ഥ പുനസൃഷ്ടിക്കുകയും തുടര്‍ന്ന് ഇത് സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഭൂദൗര്‍ലഭ്യം നേരിടുന്ന സംസ്ഥാനത്തിന് പാറക്വാറികളുടെ പുനരുജ്ജീവനം മുതല്‍ക്കൂട്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്ത് ഏകദേശം രണ്ടായിരത്തോളം ക്വാറികളാണ് അനാഥമായിക്കിടക്കുന്നത്. ഓരോ ക്വാറിയും കുറഞ്ഞത് 0.5ഹെക്ടര്‍ വിസ്തൃതിയുള്ളതാണ്. രണ്ടായിരത്തോളം ക്വാറികളിലായി ആകെ 1000 ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തില്‍ പുനരുപയോഗിക്കാനാകുക. സംസ്ഥാനത്താകെ അയ്യായിരത്തോളം ക്വാറികളാണ് ഉള്ളതെന്നാണ് കണക്കുകള്‍. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നവ, അല്ലാതെ പ്രവര്‍ത്തിക്കുന്നവ, ഉപേക്ഷിക്കപ്പെട്ടവ എന്നിങ്ങനെ മൂന്ന് തരത്തിലുള്ളവയില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും മനുഷ്യജവനും വന്‍ വിപത്താണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഉപേക്ഷിക്കപ്പെട്ട ക്വാറികളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തേ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആറുവര്‍ഷം മുന്‍പായിരുന്നു ഇത്. ഈ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. പ്രളയാനന്തരം ഉയര്‍ന്നു വന്നിട്ടുള്ള ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ വക ക്വാറിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. നിരവധി നിര്‍ദേശങ്ങളാണ് ഉപേക്ഷിക്കപ്പെട്ട ക്വാറികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്നത്. ക്വാറിയും സമീപപ്രദേശവും ചേര്‍ത്ത് ഇക്കോടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുക, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, നീന്തല്‍ക്കുളം എന്നിവ നിര്‍മിക്കുക, മത്സ്യകൃഷി നടത്തുക തുടങ്ങിയവയാണ് അതില്‍ പ്രധാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ക്വാറികള്‍ക്ക് പുറമേ ഉപേക്ഷിക്കപ്പെട്ട സ്വകാര്യ ക്വാറികളിലും പദ്ധതി നടപ്പിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."