പട്ടയമേള ആത്മാഹുതി ചെയ്യുമെന്ന് ചോലക്കാട് നിവാസികള്‍
പാലക്കാട് ; പട്ടയമുണ്ടായിട്ടും നികുതി അടക്കാന്‍ അനുവദിക്കാത്ത വനം, റവന്യൂ വകുപ്പുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് അട്ടപ്പാടിയില്‍ നാളെ നടക്കുന്ന പട്ടയമേളയുടെ വേദിയില്‍ ആത്മാഹുതി ചെയ്യുമെന്ന് അട്ടപ്പാടിയിലെ പഴക്കം ചെന്ന കുടിയേറ്റ കോളനിയായ ചോലക്കാട് നിവാസികളുടെ ഭീഷണി. അട്ടപ്പാടിയില്‍ ആദ്യ കാലത്ത് കുടിയേറിയ ചോലക്കാട്, കുറുക്കന്‍കുണ്ട് കോളനികളിലെ കുടുംബങ്ങള്‍ക്ക് 1977ല്‍ സര്‍ക്കാര്‍ പട്ടയം നല്‍കുകയും ഭൂവുടമകള്‍ കൃത്യമായി നികുതി അടക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ 1998നു ശേഷം പല സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി നികുതി സ്വീകരിക്കുന്നത് റവന്യൂ വകുപ്പ് നിര്‍ത്തിവച്ചു. ഇക്കാര്യത്തില്‍ പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടായ സാഹചര്യങ്ങളിലെല്ലാം അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടികള്‍ ഇല്ലാതെ ബന്ധപ്പെട്ടവര്‍ ഉഴപ്പുകയുമാണുണ്ടായത്. നിയമസഭാ സമിതി തന്നെ മൂന്നു തവണയാണ് ഇതേക്കുറിച്ച് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടുകളില്‍ ചോലക്കാട്, കുറുക്കന്‍കുണ്ട് നിവാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടും അട്ടപ്പാടിയിലെ റവന്യൂ, വനം വകുപ്പുകളുടെ അധികാരികള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍നിന്നു ഒഴിഞ്ഞുമാറുകയാണെന്നാണ് കോളനി നിവാസികള്‍ കുറ്റപ്പെടുത്തുന്നത്. നികുതി അടക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാഭ്യാസത്തിനും വിവാഹം, കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്കുമൊന്നും തന്നെ വായ്പയെടുക്കാനോ, വില്‍പ്പന നടത്താനോ കഴിയുന്നില്ലെന്നു കോളനി നിവാസികള്‍ പരിതപിക്കുന്നു.
ചോലക്കാട് കോളനിക്കാര്‍ സി.പി.ഐയുടെ ഉറച്ച അനുഭാവികളാണ്. എന്നിട്ടും സര്‍ക്കാര്‍ കാണിക്കുന്ന നീതി നിഷേധം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരേ ജീവന്‍ ബലിയര്‍പ്പിച്ചും പോരാടുമെന്നുമാണ് കോളനി നിവാസികളുടെ നിലപാട്. 60 കുടുംബങ്ങളാണ് ചോലക്കാട് കോളനിയില്‍ താമസിക്കുന്നത്. കേരള മന്ത്രിസഭയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് അട്ടപ്പാടിയില്‍ നാളെ പട്ടയമേളയും വനാവകാശ നിയമം അനുസരിച്ച് ആദിവാസികള്‍ക്കുളള പ്രമാണപത്ര-ധനസഹായ വിതരണവും നടത്തുന്നത്. പട്ടയമേളയില്‍ 517 ആദിവാസി പട്ടയമുള്‍പ്പെടെ 1,353 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. അഗളിയില്‍ കിലയുടെ ഹാളില്‍ (അഹാഡ്‌സ്) രാവിലെ 11ന് തുടങ്ങുന്ന പരിപാടിയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും നിര്‍വഹിക്കും. നിയമ-സാംസ്‌കാരിക-പിന്നോക്ക ക്ഷേമ മന്ത്രി എ.കെ ബാലനും പങ്കെടുക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."