അസമിലെ വിഷയങ്ങള്‍ പഠിക്കാന്‍ ലീഗ് പ്രതിനിധി സംഘം
കോഴിക്കോട്: പൗരത്വ രജിസ്റ്റര്‍ തയാറാക്കിയതിലൂടെ ലക്ഷങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരല്ലാതായ അസമിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ പഠിക്കാന്‍ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘത്തെ അയക്കുമെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സന്ദര്‍ശന തിയതി പിന്നീട് തീരുമാനിക്കും. പാലായില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബുധനാഴ്ച നടന്ന ലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.പി, എം.എല്‍.എമാരുടെയും യോഗത്തില്‍ ലോക്‌സഭാ എം.പിമാരുടെ പ്രകടനം സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ വാക്‌പോര് ഉണ്ടായെന്ന വാര്‍ത്ത സൃഷ്ടിച്ചെടുത്തതാണ്.
അതിനോട് പ്രതികരിക്കേണ്ട കാര്യമില്ല. മതേതര ശക്തികളെ ഭിന്നിപ്പിക്കാന്‍ മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ സഹായിക്കൂ. ലോക്‌സഭയില്‍ പാര്‍ട്ടി എം.പിമാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. പാര്‍ലമെന്റിനകത്ത് ഓരോ വിഷയത്തിലും ലീഗ് അംഗങ്ങള്‍ കൃത്യമായി നിലപാടെടുത്തു. സി.പി.എമ്മിനെ പോലെ ലോക്‌സഭയില്‍ ഒന്നും രാജ്യസഭയില്‍ മറ്റൊരു നിലപാടും സ്വീകരിക്കേണ്ട അവസ്ഥ പാര്‍ട്ടിക്ക് ഉണ്ടായിട്ടില്ല. ഭയരഹിത ഭാരതം, ഇന്ത്യ എല്ലാവരുടേതും എന്ന വിഷയത്തില്‍ മുസ്‌ലിം ലീഗ് ദേശീയ പ്രചാരണത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല റാലി ഒക്ടോബര്‍ രണ്ടിന് കോഴിക്കോട്ട് നടക്കും. ഈ മാസം 21ന് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ചേരാനും ലീഗ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."