മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം കൂട്ടാന്‍ ആലോചന
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം ഉയര്‍ത്താന്‍ ആലോചന. വിരമിക്കല്‍ പ്രായം 62ല്‍ നിന്ന് 65 വയസ് ആക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം വന്നെങ്കിലും ചര്‍ച്ച ചെയ്യേണ്ടെന്നും നയപരമായ തീരുമാനമായതിനാല്‍ എല്‍.ഡി.എഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തതിനു ശേഷം പരിഗണിച്ചാല്‍ മതിയെന്നും തീരുമാനിച്ചതായാണ് വിവരം. നേരത്തെ പെന്ഷന് പ്രായം കൂട്ടുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. ധനവകുപ്പ് ഫയല്‍ മന്ത്രിസഭാ യോഗത്തിലേക്ക് വിടുകയായിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍നിന്ന് നിന്ന് 62 ആക്കി ഉയര്‍ത്തിയത്. വിദഗ്ധരായ ഡോക്ടര്‍മാര്‍ പലരും വിരമിക്കുന്നത് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സേവനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് പെന്ഷന് പ്രായം കൂട്ടാന്‍ ശുപാര്‍ശ ചെയ്തത്. അതേസമയം, വളരെ ചുരുക്കം ചില ഡോക്ടര്‍മാര്‍ക്കു വേണ്ടിയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നീക്കം നടക്കുന്നതെന്നും പുതിയ നിയമനങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും മെഡിക്കല്‍ പി.ജി അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."