അച്ഛന്റെ വിയോഗം: ട്രാക്കിലെ പ്രതീക്ഷകള്‍ കണ്ണീരിലൊഴുക്കി സിറില്‍ മടങ്ങി
തിരുവനന്തപുരം: ട്രാക്കില്‍ സ്വപ്നങ്ങളുടെ കൊട്ടാരം കെട്ടിയാണ് ഇടുക്കി വണ്ണപ്പുറം എസ്.എന്‍.എം ഹൈസ്‌കൂള്‍ താരം സിറില്‍ ലിജോ ഇടുക്കിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. എന്നാല്‍ മീറ്റ് തുടങ്ങും മുമ്പേ നാട്ടിലേക്ക് തിരിച്ചു മടങ്ങാനായിരുന്നു സിറിലിന്റെ വിധി. അച്ഛന്റെ അകാല മരണത്തെ തുടര്‍ന്നാണ് താരത്തിന് സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മത്സരിക്കാനാവാതെ മടങ്ങേണ്ടി വന്നത്.
ഇന്നലെ രാവിലെയായിരുന്നു സിറിലിന്റെ പിതാവ് വണ്ണപ്പുറം വലിയപറമ്പില്‍ ലിജോ ജോണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അപ്പോള്‍ രാവിലെ നടക്കേണ്ട സീനിയര്‍ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഹീറ്റ്‌സിനുള്ള ഒരുക്കത്തിലായിരുന്നു സിറില്‍. മാതാവ് വിദേശത്തായതിനാല്‍ സംസ്‌ക്കാരം വൈകുമെന്ന ധാരണയില്‍ തല്‍ക്കാലം മരണ വാര്‍ത്ത സിറിലിനെ അറിയിക്കേണ്ടെന്ന നിലപാടിലായിരുന്നു സ്‌കൂള്‍ അധികൃതര്‍. എന്നാല്‍ തിരുവനന്തപുരത്ത് തന്നെയുള്ള പിതൃസഹോദരന്‍ സ്റ്റേഡിയത്തില്‍ നേരിട്ടെത്തി വിയോഗ വാര്‍ത്ത സിറിലിനെ അറിയിച്ചു.
മരണവാര്‍ത്ത വിശ്വസിക്കാനാവാതെ പൊട്ടിക്കരഞ്ഞ സിറിലിനെ സഹ താരങ്ങളും സ്‌കൂള്‍ അധികൃതരും ചേര്‍ന്നാണ് ആശ്വസിപ്പിച്ചത്. തുടര്‍ന്ന് പരിശീലകന്‍ തോമസ് മാഷിനൊപ്പം മത്സരങ്ങളും പ്രതീക്ഷകളും ഉപേക്ഷിച്ച് താരം നാട്ടിലേക്ക് മടങ്ങി. പ്ലസ്ടു വിദ്യാര്‍ഥിയായ സിറിലിന്റെ അവസാന സ്‌കൂള്‍ മീറ്റായിരുന്നു ഇത്തവണത്തേത്. ഹര്‍ഡില്‍സിന് പുറമെ ലോങ്ജംപ്, ട്രിപ്പിള്‍ജംപ് ഇനങ്ങളിലും സിറിലിന് മത്സരമുണ്ടായിരുന്നു. ഈ രണ്ടിനങ്ങളിലും ഇടുക്കി ജില്ലാ മീറ്റില്‍ സ്വര്‍ണം നേടിയ താരം ഹര്‍ഡില്‍സില്‍ വെള്ളി നേട്ടത്തോടെ മീറ്റില്‍ സീനിയര്‍ വിഭാഗം വ്യക്തിഗത ചാംപ്യന്‍പട്ടവും സ്വന്തമാക്കിയിരുന്നു. സംസ്ഥാന മീറ്റില്‍ ഇടുക്കിയുടെയും വണ്ണപ്പുറത്തിന്റെയും ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായിരുന്നു സിറിലെന്ന് തോമസ് മാഷ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാന മീറ്റിലെ സജീവ സാനിധ്യമായ സിറില്‍ അമച്വര്‍ മീറ്റിലടക്കം മെഡല്‍ നേടിയിട്ടുണ്ട്. സിറിലിന്റെ അച്ഛന്‍ ലിജോ ജോണിന്റെ സംസ്‌കാരം ഇന്ന് നടക്കും. വാച്ച് റിപ്പയര്‍ തൊഴിലാളിയായിരുന്ന ലിജോ നിരവധി കായിക പ്രതിഭകളെ കേരളത്തിന് സമ്മാനിച്ച വണ്ണപ്പുറം സ്‌കൂളിലെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിലും മുന്നിലുണ്ടായിരുന്നു. പി.ടി.എ കമ്മിറ്റിയിലും അംഗമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് വിദേശത്ത വീട്ടു ജോലി നോക്കുകയാണ് സിറിലിന്റെ മാതാവ്. മരണ വിവരമറിഞ്ഞ് ഇവരും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സിറിലിന്റെ ഏക സഹോദരി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."