'വീക്ഷണം' കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതി: കെ.എം മാണി
കോട്ടയം: 'വീക്ഷണം' തങ്ങളെ ഉപദേശിക്കേണ്ടെന്നും കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതിയെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണി. കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്ന് തന്നെ വിശേഷിപ്പിച്ച കോണ്‍ഗ്രസ് മുഖപത്രം 'വീക്ഷണ'ത്തിന്റെ മുഖപ്രസംഗം സംബന്ധിച്ച് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തായി 'വീക്ഷണ'ത്തിന്റെ വീക്ഷണത്തിന് ഇടിവുതട്ടിയിട്ടുണ്ടെന്ന് മാണി പറഞ്ഞു.
താന്‍ ആരെയും ചതിച്ചിട്ടില്ല. മുന്നണിയിലില്ലാത്ത പാര്‍ട്ടി യു.ഡി.എഫിന് വോട്ടുചെയ്തില്ലെങ്കില്‍ എന്തു ചതിയാണുള്ളത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പരാജയം ഡി.സി.സി വിലകൊടുത്തു വാങ്ങിയതാണെന്ന് നേരത്തെ പറഞ്ഞതാണ്. സാധാരണ ഗതിയിലാണെങ്കില്‍ തങ്ങള്‍ പിന്തുണ നല്‍കുമായിരുന്നു. എന്നാല്‍, ഡി.സി.സി വളരെ മോശമായിട്ടാണ് പ്രതികരിച്ചത്. അതിനെതിരേ അഭിമാനമുള്ള കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രാദേശികമായി സഹകരിച്ചു മുന്നോട്ടുപോകാമെന്ന് കോണ്‍ഗ്രസുമായി കരാറുണ്ടാക്കിയിട്ടില്ല. കേരളാ കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കും പോകുന്നില്ല. കേരളാ കോണ്‍ഗ്രസ് ശക്തിയുള്ള പാര്‍ട്ടിയാണ്. 1965, 1967, 1970 തുടങ്ങിയ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ശക്തി തെളിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുമായി കൂട്ടുകൂടാന്‍ വരും. ചുമ്മാ തുമ്മിയാല്‍ തെറിച്ചുപോകുന്ന മൂക്കല്ല കേരളാ കോണ്‍ഗ്രസ്. സംസ്ഥാന രാഷ്ട്രീയത്തില്‍ അസ്തിത്വമുള്ള രാഷ്ട്രീയ കക്ഷിയാണ്. സ്വന്തം കാലില്‍ നില്‍ക്കുന്നവരാണ്. യു.ഡി.എഫിലേക്ക് തിരികെപ്പോകണമെന്ന ആഗ്രഹം കേരളാ കോണ്‍ഗ്രസിനില്ല. മുന്നണിയിലെടുക്കണമെന്നു പറഞ്ഞ് കേരളാ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അടുത്തു ചെന്നിട്ടില്ലെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."