HOME
DETAILS

ശബരിമലക്കോലാഹലവും മുച്ചിലോട്ട് ഭഗവതിയും

  
backup
October 26 2018 | 18:10 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b2%e0%b4%be%e0%b4%b9%e0%b4%b2%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9a%e0%b5%8d%e0%b4%9a

 

 

അറിവിനെയും ദൈവത്തെയും കുത്തകയാക്കി വയ്ക്കുകയെന്നതു സമൂഹത്തില്‍ ആധിപത്യം നിലനിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ഇന്ത്യയിലെ ജാതിമേധാവികള്‍ ഭൂരിപക്ഷം വരുന്ന കീഴ്ജാതിക്കാരെയും സ്ത്രീകളെയും കാല്‍ച്ചുവട്ടില്‍ അമര്‍ത്തിവച്ചത് അറിവും ദൈവവും അവര്‍ക്കു നിഷേധിച്ചു കൊണ്ടായിരുന്നു. വേദാധികാര കുത്തകയെ വെല്ലുവിളിച്ചവരെ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു.
അങ്ങനെ അറിവുനേടിയതിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട രണ്ടു കേരളീയരാണ് കാരി ഗുരുക്കളും മുച്ചിലോട്ട് ഭഗവതിയും. രണ്ടുപേരെയും ദൈവസ്ഥാനത്തേയ്ക്കുയര്‍ത്തി കീഴാളജനത പകരം വീട്ടി. കാരി ഗുരുക്കളുടെ അറിവിനെ ബ്രാഹ്മണ മാടമ്പിമാര്‍ ഭയക്കാന്‍ കാരണം അദ്ദേഹം കീഴ്ജാതിക്കാരനായതിനാലാണ്. അതേസമയം, മുച്ചിലോട്ട് ഭഗവതിയുടെ ജ്ഞാനത്തെ അവര്‍ ഭയപ്പെട്ടത് അവര്‍ സ്ത്രീയാണെന്നതിനാലുമാണ്.
ഐതിഹ്യപ്രകാരം കണ്ണൂരിലെ തളിപ്പറമ്പിനടുത്തുള്ള പെരുഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ നമ്പൂതിരി കുടുംബത്തില്‍ ജനിച്ച ദൈവകന്യയെന്ന ബ്രാഹ്മണസ്ത്രീയാണു പിന്നീട് മുച്ചിലോട്ട് ഭഗവതി തെയ്യമായി മാറിയത്. ചെറുപ്പത്തില്‍ വേദത്തിലും സാഹിത്യത്തിലും ആഴത്തില്‍ അറിവുനേടിയ ദൈവകന്യയെ പാണ്ഡിത്യത്തിന് പ്രശസ്തമായ പെരുഞ്ചെല്ലൂരിലെ ബ്രാഹ്മണര്‍ ഭയത്തോടെയും അസൂയയോടെയുമാണു കണ്ടത്.
ദൈവകന്യകയെ തളയ്ക്കാന്‍ അവളെ വേളി കഴിപ്പിച്ചുകൊടുക്കുകയെന്ന അടവാണ് അവര്‍ കണ്ടത്. പന്ത്രണ്ടാമത്തെ വയസില്‍ അവളെ വേളി കഴിപ്പിക്കാന്‍ തീരുമാനിച്ചു. തന്നെ തര്‍ക്കത്തില്‍ തോല്‍പ്പിക്കുന്നവരെ മാത്രമേ ഭര്‍ത്താവായി സ്വീകരിക്കൂവെന്ന് അവര്‍ ശഠിച്ചു. അവളെ തര്‍ക്കത്തില്‍ തോല്‍പ്പിക്കാന്‍ ബ്രാഹ്മണര്‍ക്കാര്‍ക്കും സാധിച്ചില്ല.
അപ്പോള്‍ അവര്‍ അവള്‍ക്കെതിരേ ഗൂഢാലോചന നടത്തി. തര്‍ക്കത്തിനിടയില്‍ ഒരു ബ്രാഹ്മണന്‍ ചോദിച്ചു: ''നവരസങ്ങളില്‍ ഏറ്റവും പ്രബലമായ രസമേത്.''
മഹാപണ്ഡിതയായ ദേവകന്യ ''ശൃംഗാരം'' എന്നു മറുപടി നല്‍കി.
''ഏറ്റവും വലിയ വേദനയേത്.'' എന്നതായിരുന്നു അടുത്ത ചോദ്യം.
''പ്രസവവേദന'' എന്നു ദൈവകന്യ മറുപടി നല്‍കി.
ഇതോടെ ദൈവകന്യ രഹസ്യമായി ലൈംഗികതയാസ്വദിച്ചിട്ടുണ്ടെന്നും പ്രസവിച്ചിട്ടുണ്ടെന്നും ബ്രാഹ്മണര്‍ പറഞ്ഞു പരത്തി. വ്യഭിചാരിണിയെന്നു മുദ്രകുത്തി സമുദായഭ്രഷ്ടു കല്‍പ്പിച്ചു. മനംനൊന്ത ദൈവകന്യ തീയില്‍ച്ചാടി ജീവനൊടുക്കി.
ദൈവകന്യയെ സഹായിച്ച മുച്ചിലോട്ടനെന്ന വാണിയന്റെ പിന്‍മുറക്കാര്‍ അവരെ പാര്‍വതീദേവിയുടെ അവതാരമായി ആരാധിക്കാന്‍ തുടങ്ങി. അങ്ങനെ, ദൈവകന്യ മുച്ചിലോട്ട് ഭഗവതിയായി. ഭഗവതിക്കു തെയ്യക്കോലമുണ്ടാക്കി കെട്ടിയാടുന്ന പതിവു തുടങ്ങി.
അറിവും ദൈവസാമീപ്യവും നേടുന്ന സ്ത്രീയെ, അവള്‍ ബ്രാഹ്മണസ്ത്രീയായാല്‍പ്പോലും അധീശവര്‍ഗത്തിനു സഹിക്കാനാവില്ല. അവരവളെ വ്യഭിചാരിണിയും അശുദ്ധയുമാക്കും.
വടക്കേ മലബാറിലെ വളരെ പ്രശസ്തമായ മറ്റൊരു പുരാവൃത്തമാണു മാടായി കാരിഗുരുക്കളുടേത്. പതിനെട്ടു കളരിയിലും അഭ്യാസം പൂര്‍ത്തിയാക്കിയ കാരി ഗുരുക്കള്‍ ജാതിയില്‍ പുലയനാണെന്നതിനാല്‍ തമ്പുരാക്കന്മാരുടെ ചതിയില്‍പ്പെട്ടു മരിക്കുകയായിരുന്നു. പ്രശസ്ത കഥാകൃത്ത് എന്‍. പ്രഭാകരന്റെ 'പുലിജന്മം' നാടകവും പ്രിയനന്ദനനെ ദേശീയപുരസ്‌കാരത്തിന് അര്‍ഹമാക്കിയ 'പുലിജന്മം' സിനിമയും മാടായി കാരി ഗുരുക്കളുടെ ജീവിതത്തിന്റെ പുനരാഖ്യാനങ്ങളാണ്. എല്ലാവരും വ്യത്യസ്ത വീക്ഷണകോണുകളിലൂടെ കാരിയുടെ കഥ പറയുന്നത്.
ചേണിച്ചേരി കുഞ്ഞമ്പുവെന്ന നാട്ടുപ്രമാണിയുടെ അടിമകളായിരുന്ന വിരുന്തന്റെയും വിരുന്തിയുടെയും മകനായിരുന്നു കാരി. കുഞ്ഞിമംഗലത്തിനു വടക്കുകിഴക്കു ഭാഗത്തുള്ള പാറന്താട്ട് മലയിലായിരുന്നു അവരുടെ താമസം. കൈമിടുക്കും മെയ്ക്കരുത്തുമുള്ള കാരിക്ക് കളരിയില്‍ ചേരാനായിരുന്നു ആഗ്രഹം. അടിമകളായ പുലയര്‍ക്ക് അക്കാലത്തു കളരിയില്‍ പ്രവേശനമില്ല. എങ്കിലും, കാരിയുടെ ആഗ്രഹം കേട്ടു ജന്മിയായ ചേണിച്ചേരി അവനെ കളരിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അവന്റെ പേരും കുലപ്പേരും മാറ്റിപ്പറഞ്ഞു കളരി പ്രവേശനം ഉറപ്പാക്കി.
താന്‍ ആര്‍ജിച്ച വിദ്യ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കണമെന്നായിരുന്നു പഠനശേഷം കാരിയുടെ ആഗ്രഹം. അക്കാര്യം ജന്മിയായ ചേണിച്ചേരിയെ അറിയിച്ചു. താന്‍ അഭ്യസിച്ച വിദ്യകള്‍ ജന്മിക്കു മുന്‍പാകെ കാണിച്ചു. സന്തുഷ്ടനായ ജന്മി മലയില്‍ത്തന്നെ കളരി നിര്‍മിച്ചുകൊടുത്തു.
കളരി തുടങ്ങിയതോടെ കാരി ഗുരുക്കളുടെ പ്രശസ്തി കോലത്തു നാട്ടില്‍ മാത്രമല്ല അള്ളടത്തു നാട്ടില്‍വരെയെത്തി. ആ സമയത്താണ് അള്ളടം നാട്ടിലെ (നീലേശ്വരം) രാജാവിനു മാനസികവിഭ്രാന്തി പിടിപെട്ടത്. പ്രശസ്ത വൈദ്യന്മാരൊക്കെ ശ്രമിച്ചിട്ടും രോഗം മാറിയില്ല. ഒടുവില്‍, കാരി ഗുരുക്കളെ തേടി കൊട്ടാരത്തില്‍ നിന്ന് ആളു പുറപ്പെട്ടു.
അള്ളടം നാട്ടിലേയ്ക്കു പോകുന്നത് ആപത്താണെന്നു ഭാര്യ വെള്ളച്ചി കേണു പറഞ്ഞു. എന്നാല്‍, നാടിന്റെയും ജന്മിയുടെയും അഭിമാനം കാക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചേ പറ്റുവെന്നു പറഞ്ഞു പുറപ്പെട്ടു. പുലിമറയല്‍ വിദ്യ പ്രയോഗിച്ചു പുലിയായാല്‍ തിരിച്ചു മനുഷ്യനാകാന്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. അതിനു വിശ്വസ്തര്‍ വേണം. കാരി ആ ചുമതലയേല്‍പ്പിച്ചത് ഭാര്യയെത്തന്നെയായിരുന്നു.
പുലിരൂപം ധരിച്ചു താന്‍ വീട്ടിലെത്തിയാല്‍ ഒരു പാത്രത്തില്‍ അരികഴുകിയ വെള്ളമെടുത്തു പുലിയുടെ മേലൊഴിക്കണമെന്നും ചാണകത്തില്‍ മുക്കിയ 'മാച്ചി' കൊണ്ടു ദേഹത്തടിക്കണമെന്നും നിങ്ങടെ വെള്ളച്ചിയല്ലേയെന്നും വയറു തൊട്ട് നിങ്ങളുടെ കരുവല്ലേ ഇതെന്നും പറയണമെന്നും ശട്ടം കെട്ടി. ഇത്രയും ചെയ്താലേ പുലിത്തെറം ശമിച്ചു മനുഷ്യനാകൂ. ഇക്കാര്യം വളരെ രഹസ്യമായി സൂക്ഷിക്കണം, അതു ചെയ്യുമ്പോള്‍ ആരും കാണാനും പാടില്ല. ഇതെല്ലാം വെള്ളച്ചി സമ്മതിച്ചു.
കോവിലകത്തെത്തിയ കാരി മാന്ത്രികവിദ്യയിലൂടെ തമ്പുരാന്റെ രോഗം മനസിലാക്കി ബാധോച്ചാടനം നടത്തി സുഖപ്പെടുത്തി. കാരിയുടെ ഒടിമറയല്‍ (പുലിമറയല്‍) വിദ്യ കാണണമെന്നു രോഗം ഭേദമായ തമ്പുരാന് മോഹം. കാരി സൂക്ഷ്മതയോടെ പുലിമറയല്‍ നടത്തി രാജാവിനെ അമ്പരപ്പിച്ചു. തിരികെ മനുഷ്യരൂപം കിട്ടാനായി തന്റെ ചാളയിലേയ്ക്കു പുറപ്പെട്ട കാരി കണ്ടത് അടച്ചിട്ട വാതിലാണ്. കാരിയെ ചതിക്കാനായി രാജാവിന്റെ ആളുകള്‍ പദ്ധതി തയ്യാറാക്കിയിരുന്നു.
കാരി പുലിമറയല്‍ നടത്തുന്നില്ലെന്നും വാതിലടച്ചിരിക്കാന്‍ പറഞ്ഞയച്ചിട്ടുണ്ടെന്നും നേരത്തെയെത്തിയ രാജഭടന്മാര്‍ വെള്ളച്ചിയോടു കള്ളം പറഞ്ഞു. അതു വിശ്വസിച്ച വെള്ളച്ചി വാതിലടച്ച് അകത്തിരിപ്പായി. പറഞ്ഞതിനു വിപരീതമായി ഭാര്യ പ്രവര്‍ത്തിച്ചതു കണ്ടു കലിമൂത്ത പുലി രൂപം പൂണ്ട കാരി വാതില്‍ പൊളിച്ച് അകത്തു കടന്നു. പുലിയെ കണ്ടു നിലവിളിച്ച വെള്ളച്ചിയെ കടിച്ചു കീറി കൊന്നു. മനുഷ്യരൂപം തിരിച്ചു ലഭിക്കാതെ കാരി പുലിയന്നൂര്‍ മലയിലേയ്ക്ക് ഓടി മറഞ്ഞു.
ജ്ഞാനവും അതിലൂടെ ദൈവസാന്നിധ്യവും തേടുന്ന കീഴ്ജാതിക്കാരോടും സ്ത്രീകളോടും അധീശവര്‍ഗം എന്നും ഇതേ നയമാണു പുലര്‍ത്തിയിട്ടുള്ളത്. മുച്ചിലോട്ട് ഭഗവതിയോടും കാരി ഗുരുക്കളോടും ചെയ്ത അതേ അനീതിയാണ് ഇന്നു ശബരിമലയില്‍ ആവര്‍ത്തിക്കുന്നത്. ശബരിമല എന്ന ക്ഷേത്രത്തെ അതിന്റെ യഥാര്‍ത്ഥ അവകാശികളായ മലയരയന്മാരില്‍നിന്നു തട്ടി എടുത്തു. സ്ത്രീകള്‍ക്കു ദര്‍ശനം വിലക്കി.
ശബരിമല ക്ഷേത്രം മലയരയവിഭാഗത്തില്‍നിന്നു തന്ത്രികുടുംബമുള്‍പ്പെടുന്ന ബ്രാഹ്മണര്‍ തട്ടിയെടുത്തതാണെന്നും ക്ഷേത്രം തങ്ങള്‍ക്കു തിരിച്ചുവേണമെന്നുമാവശ്യപ്പെട്ടു സുപ്രിംകോടതി യെ സമീപിക്കുമെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പി .കെ സജീവ് ഈയിടെ പ്രസ്താവിച്ചിരുന്നു. ശബരിമലയിലെയും കരിമലയിലെയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ ഒരു കാലത്തു മലയരയ വിഭാഗമായിരുന്നു. അവരാണവിടെ ആരാധന നടത്തിയിരുന്നത്.
1902 ല്‍ തന്ത്രികുടുംബം ശബരിമലയിലെ ആരാധനാവകാശം തട്ടിയെടുത്തു. മലയരയരുടെ തേനഭിഷേകം നിര്‍ത്തിച്ചു. എന്നിട്ടും പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുന്നതു മലയരയര്‍ തുടര്‍ന്നു. മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരാണ്. അവര്‍ക്ക് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നു. മലയരയര്‍ അധിവസിച്ചിരുന്ന 18 മലകളെയാണ് ശബരിമലയിലെ 18 പടികള്‍ സൂചിപ്പിക്കുന്നത്. ആദ്യത്തെ പൂജാരിയുടെ പേര് കരിമല അരയനെന്നാണ്. അദ്ദേഹമാണ് ആദ്യത്തെ പടിയിട്ടത്. രണ്ടാമത്തെ പൂജാരി താളനാണി അരയനാണെന്നു സാമുവല്‍ മറ്റീര്‍ 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
കരിങ്കോന്തി ഓപ്പന്‍, കോര്‍മന്‍ അരയന്‍, കരിമല മൂര്‍ത്തി, കരിമല കോര്‍മന്‍, വല്യേരി കടുത്ത, കൊമ്പുകുത്തി കൊച്ചുരാമന്‍ എന്നിവരും മലയരയ വിഭാഗത്തില്‍പ്പെട്ട ശബരിമലയിലെ പൂജാരികളാണെന്നു ചരിത്രം പരിശോധിച്ചാല്‍ മനസിലാകും.1800 കള്‍ വരെ മലയരയരാണു ശബരിമലയില്‍ പൂജ നിര്‍വഹിച്ചത്. മലയരയരുടെ ആവാസകേന്ദ്രമായ 18 മലകളില്‍പ്പെട്ടതാണു കരിമല. അവിടുത്തുകാരാണു ശബരിമലയുടെ പൂജാരികളെന്ന് അവരുടെ പേരില്‍നിന്നു വ്യക്തമാണ്. ശബരിമലയോട് ഏറ്റവുമടുത്തു നില്‍ക്കുന്നവരാണു മലയരയ വിഭാഗത്തില്‍പ്പെട്ട കരിമലയര്‍.
മുച്ചിലോട്ട് ഭഗവതിയോടും കാരി ഗുരുക്കളോടും ചെയ്ത അനീതിയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത്. അതിനാല്‍ ശബരിമലയെ ബാധിച്ചിരിക്കുന്ന ബ്രാഹ്മണ നാടുവാഴി പുരുഷമേധാവിത്വ ഭൂതങ്ങളെ ഉച്ഛാടനം ചെയ്യുകയെന്നതാണ് ഇന്നു നവോഥാന കേരളം ഏറ്റെടുക്കേണ്ട ബാധ്യത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  24 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago