300 കോടിയുമായി മറ്റൊരു മാര്‍ക്കറ്റിങ് കമ്പനികൂടി മുങ്ങി
പാലക്കാട്: പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ 300 കോടി രൂപയുമായി കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു മാര്‍ക്കറ്റിങ് കമ്പനികൂടി അടച്ചുപൂട്ടി മുങ്ങി. കോയമ്പത്തൂര്‍ സായ്ബാബ കോളനി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന വി.വി ട്രേഡേഴ്‌സിനെതിരേ പണം നഷ്ടപ്പെട്ടവര്‍ പൊലിസില്‍ പരാതി നല്‍കി.
നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കമ്പനി തങ്ങളെ ചതിയില്‍പ്പെടുത്തിയതെന്ന് നിക്ഷേപകര്‍ പറയുന്നു. ഫോറക്‌സ് ട്രേഡിങ്, ഷെയര്‍മാര്‍ക്കറ്റിങ്ങിലാണ് പണം ഉപയോഗിക്കുകയെന്നാണ് ഇവര്‍ക്ക് കമ്പനി ഉറപ്പുകൊടുത്തിരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സായ്ബാബ കോളനിയിലെയും ഉമാദേവി ഹോസ്പിറ്റലിനു സമീപവും പ്രവര്‍ത്തിച്ചിരുന്ന ഓഫിസുകള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണെന്നും നിക്ഷേപകരുടെ കൂട്ടായ്മ സുപ്രഭാതത്തോട് പറഞ്ഞു. രാഷ്ട്രീയമായും ഉദ്യോഗസ്ഥ തലത്തിലും ഉന്നത സ്വാധീനമുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത തിരിച്ചറിഞ്ഞ കൂട്ടായ്മ കഴിഞ്ഞ ഓസ്റ്റ് 20ന് എറണാകുളം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ നോര്‍ത്ത് പരവൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് പ്രസ്തുത പരാതി ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയ്തത്. നോര്‍ത്ത് പരവൂര്‍ പൊലിസും പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ലെന്നാണ് വിവരം. കൈനിറയെ പണവും ആഡംബര സൗകര്യങ്ങളും കിട്ടുമെന്ന് പ്രലോഭിപ്പിച്ചാണ് നിക്ഷേപകരെ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് ശൃംഖലയില്‍ കണ്ണികളാക്കുന്നത്.
ഡല്‍ഹിയില്‍, അല്ലെങ്കില്‍ മുംബൈയില്‍ കേന്ദ്ര ഓഫിസും കോയമ്പത്തൂരില്‍ റീജ്യനന്‍ ഓഫിസും ഉണ്ടെന്ന് അവകാശപ്പെട്ട് ഇത്തരത്തില്‍ പല കമ്പനികളും മണിചെയിന്‍ തട്ടിപ്പും എം.എല്‍.എം തട്ടിപ്പും നിര്‍ബാധം തുടരുകയാണ്. മണിചെയിന്‍ കമ്പനികള്‍ കേരളത്തില്‍നിന്ന് ഇത്തരത്തില്‍ തട്ടിയെടുത്തത് എത്ര കോടിയാണെന്ന് കൃത്യമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് പൊലിസിലെ ഉന്നതരും വ്യക്തമാക്കുന്നു. കോടികളുടെ തട്ടിപ്പ് നടന്നതായി പല കേസുകളിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ പണമൊക്കെ എവിടേക്കുപോയി എന്ന ചോദ്യത്തിന് ഉത്തരമില്ല.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന തരത്തില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
അതിനാല്‍ ഈ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മുതിര്‍ന്ന ഐ.ബി ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് പറഞ്ഞു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരുടെ നിക്ഷേപമാണ് ഇത്തരം കമ്പനികളില്‍ ഏറെയുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."