HOME
DETAILS

മക്കളുടെ കണക്കുനോക്കുന്ന ജനാധിപത്യം

  
backup
October 26 2018 | 18:10 PM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

 

ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയുമൊക്കെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചര്‍ച്ചകള്‍ നാട്ടില്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വിദ്യാഭ്യാസം കുറഞ്ഞ ജനപ്രതിനിധികള്‍ നിരന്തരം പൊതുസമൂഹത്തില്‍ പരിഹാസപാത്രങ്ങളാവാറുമുണ്ട്. ഇത്തരം പദവികളിലെത്താന്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കണമെന്ന് വാദിക്കുന്ന നിരവധിയാളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഭരണകാര്യങ്ങള്‍ നല്ല രീതിയില്‍ നിര്‍വഹിക്കാന്‍ അതാവശ്യമാണെന്നാണ് ഇക്കൂട്ടരുടെ വാദം. ഒറ്റനോട്ടത്തില്‍ സദുദ്ദേശ്യപരമാണെന്നു തോന്നാവുന്നതാണെങ്കിലും ഈ വാദത്തിനു പിന്നില്‍ വലിയൊരു ജനാധിപത്യവിരുദ്ധത പതിയിരിപ്പുണ്ടെന്നതാണ് സത്യം.
ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഏതൊരു രാജ്യത്തെയും ജനതയുടെ പരിച്ഛേദമാണ് അവിടത്തെ ജനപ്രതിനിധിസഭയും ഭരണകൂടവും. രാജ്യത്തുള്ള എല്ലാതരം ജനവിഭാഗങ്ങളുടെയും പ്രതിനിധികള്‍ സഭകളിലുണ്ടാകും. ഇല്ലെങ്കില്‍ ഉണ്ടാവണം. രാജ്യത്തു നിരക്ഷരരായ ജനങ്ങളുണ്ടെങ്കില്‍ അവരില്‍പെട്ടവരും ജനപ്രതിനിധികളാകുന്നത് സ്വാഭാവികമാണ്. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് പാര്‍ലമെന്റിലും നിയമസഭകളിലും പഞ്ചായത്തുകളിലുമൊക്കെ വിവിധ മതക്കാരും സമ്പന്നരും ദരിദ്രരും പണ്ഡിതരും പാമരരും പുരുഷന്‍മാരും സ്ത്രീകളും മൂന്നാം ലിംഗക്കാരും ഒക്കെയുണ്ടാവും. അവരെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ആര്‍ക്കും തടയാനാവില്ല. നിയമം വഴിയോ മറ്റോ അതു തടയാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന പരുക്ക് കനത്തതായിരിക്കാം.
ഭാഗികമായെങ്കിലും ഇത്തരം ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്ന വസ്തുതയിലേക്കു വിരല്‍ചൂണ്ടുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ ഒരു സുപ്രിംകോടതി വിധി. മൂന്നാമതൊരു കുഞ്ഞു ജനിച്ചതിന്റെ പേരില്‍ ഒഡിഷയിലെ ഒരു ഗ്രാമപഞ്ചായത്ത് അംഗമായ മിനാസിങ് മാജിയെ അയോഗ്യനാക്കിയ നടപടി ശരിവച്ചിരിക്കുകയാണ് സുപ്രിംകോടതി. ഒന്നാമത്തെ കുഞ്ഞിനെ താന്‍ ദത്തു നല്‍കിയിട്ടുണ്ടെന്ന് മാജി കോടതിയെ ബോധിപ്പിച്ചിട്ടും ഫലമുണ്ടായില്ല.
ഒട്ടും പുതുമയുള്ളതല്ല സുപ്രിംകോടതി വിധി. പുതുതായൊന്നും കോടതി ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. പഞ്ചായത്ത് അംഗങ്ങള്‍ക്ക് രണ്ടു മക്കളില്‍ കൂടുതല്‍ പാടില്ലെന്ന വ്യവസ്ഥ ചില സംസ്ഥാനങ്ങളിലെ പഞ്ചായത്തീരാജ് നിയമങ്ങളില്‍ നിലനില്‍ക്കുന്നതാണ് ഈ വിധിക്കു കാരണമായത്. നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസരിച്ചാണല്ലോ കോടതികള്‍ വിധി പറയുന്നത്. അതു മാത്രമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഒഡിഷ, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പഞ്ചായത്തീരാജ് നിയമങ്ങളിലാണ് ഈ വ്യവസ്ഥയുള്ളത്. കേരളമടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇങ്ങനെയൊരു വ്യവസ്ഥയില്ല.
ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ടാണ് പഞ്ചായത്തീരാജ് നിയമത്തില്‍ ഈയൊരു വ്യവസ്ഥ ചേര്‍ത്തിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണം ഏറെക്കാലമായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. ഈ നയത്തിന് അതിന്റേതായ ന്യായങ്ങളുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനമാണ് അതില്‍ പ്രധാനം. ജനസംഖ്യാ നിയന്ത്രണത്തിലൂടെ വിഭവ അപര്യാപ്തത കുറയ്ക്കാനും ഉള്ള വിഭവങ്ങളുടെ വിതരണം കൂടുതല്‍ സൗകര്യപ്രദമാക്കാനും സാധിക്കുമെന്ന വാദമാണ് ഈ ന്യായത്തിന്റെ കാതല്‍. ഈ ന്യായത്തിനൊപ്പം നില്‍ക്കുന്നവര്‍ രാജ്യത്തു ധാരാളമുണ്ടെങ്കിലും ഇന്ത്യന്‍ ജനത പൂര്‍ണമായി അത് അംഗീകരിച്ചിട്ടില്ല. ജനസംഖ്യ കൂടിയാല്‍ മാനവവിഭവശേഷി കൂടുമെന്നും അതു രാജ്യത്തിന്റെ ഉല്‍പാദന വര്‍ധനയ്ക്ക് ഉപകരിക്കുമെന്നും ചൂണ്ടിക്കാട്ടി കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് ഉള്‍പ്പെടെയുള്ള പല പ്രമുഖരും ജനസംഖ്യാ നിയന്ത്രണ വാദത്തെ എതിര്‍ത്ത ചരിത്രമുണ്ട്.
ഏറെ വൈവിധ്യങ്ങളുള്ള വിശ്വാസങ്ങളും ആചാരങ്ങളും കുടുംബ കാഴ്ചപ്പാടുകളും വച്ചുപുലര്‍ത്തുന്ന വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ ജനത. സന്താന നിയന്ത്രണം വേണമെന്നു തോന്നുന്നവര്‍ക്ക് അതു പാലിക്കാന്‍ ഇവിടെ അവകാശമുണ്ട്. അതേസമയം സന്താന നിയന്ത്രണവും ഗര്‍ഭഛിദ്രവുമൊക്കെ തെറ്റാണെന്നു വിശ്വസിക്കുന്ന ജനവിഭാഗങ്ങളും രാജ്യത്തുണ്ട്. അവര്‍ക്ക് അവരുടേതായ വിശ്വാസങ്ങള്‍ പാലിച്ചു ജീവിക്കാനുള്ള അവകാശവുമുണ്ട്. അതിന്റെ ലംഘനമാണ് ഇത്തരം നിയമങ്ങള്‍. സന്താന നിയന്ത്രണം ആരിലും അടിച്ചേല്‍പ്പിക്കേണ്ടതോ നിര്‍ബന്ധിച്ചു നടപ്പാക്കിക്കേണ്ടതോ അല്ല. ജനപ്രതിനിധിയാവണമെങ്കില്‍ സന്താന നിയന്ത്രണം നിര്‍ബന്ധമാക്കുമ്പോള്‍ അതിനു താല്‍പര്യമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപ്രതിനിധികളാവാനുള്ള അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിനു വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ജനപ്രാധിനിധ്യ നിയമങ്ങള്‍ ഫലത്തില്‍ ജനാധിപത്യവിരുദ്ധം തന്നെയാണ്.
ഈ നിയമത്തിലെ അവ്യക്തതയും സുപ്രിംകോടതിയില്‍ മാജിയുടെ കേസിന്റെ പരിഗണനാവേളയില്‍ വെളിപ്പെടുകയുണ്ടായി. ഒരു ജനപ്രതിനിധിയുടെ ഭാര്യയ്‌ക്കോ ജനപ്രതിനിധിയായ സ്ത്രീക്കോ രണ്ടാം പ്രസവത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നാല്‍ എന്താണുണ്ടാവുക എന്ന ചോദ്യത്തിന്, അത്തരമൊരു കേസ് പരിഗണനയ്ക്കു വന്നാല്‍ മാത്രമേ അതു പരിശോധിക്കാനാവൂ എന്നായിരുന്നു കോടതിയുടെ മറുപടി.ചില ജനവിഭാഗങ്ങളെ അധികാര പങ്കാളിത്തത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം വ്യവസ്ഥകള്‍ ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഒട്ടും ഭൂഷണമല്ല. വ്യത്യസ്ത വിഭാഗങ്ങളുട പ്രാതിനിധ്യവും വ്യത്യസ്ത ശബ്ദങ്ങളും ഭരണനിര്‍വഹണ സമിതികളില്‍ ഉയരുമ്പോള്‍ മാത്രമാണ് ജനാധിപത്യം അര്‍ഥവത്താകുന്നത്. അതു സാധ്യമാക്കാന്‍ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് അതു നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങള്‍ ഒട്ടും വൈകാതെ ആലോചിക്കേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago