തെരേസാ മേ പ്രതിസന്ധിയില്‍
ലണ്ടന്‍: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ തൂക്കു മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കു മുന്‍പില്‍ വീണ്ടും പ്രതിസന്ധി. മുന്‍ സര്‍ക്കാരിലെ രണ്ട് പ്രമുഖ ഉപദേഷ്ടാക്കള്‍ സ്ഥാനം രാജിവച്ചു. മേയുടെ ഉദ്യോഗസ്ഥരില്‍ പ്രധാനികളായ നിക് തിമോത്തി, ഫിയോന ഹില്‍ എന്നിവരാണ് ഇന്നലെ രാജി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി(ടോറികള്‍)ക്കേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ പാര്‍ട്ടിക്കകത്തു തന്നെ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇരുവരെയും പുറത്താക്കിയില്ലെങ്കില്‍ തങ്ങള്‍ പിന്തുണ പിന്‍വലിക്കുമെന്ന് ടോറി എം.പിമാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. തെരേസാ മേയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചവരാണ് തിമോത്തിയും ഹില്ലും.
മേയ്‌ക്കെതിരേ തന്നെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇരുവരുടെയും രാജി. മേ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് നിരവധി കണ്‍സര്‍വേറ്റിവ് എം.പിമാര്‍ ആവശ്യമുന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, നിലവിലെ രാഷ്ട്രീയ സന്നിഗ്ധാവസ്ഥയില്‍ മാറിനില്‍കുന്നത് കോര്‍ബിനെ അധികാരത്തിലേറാന്‍ സഹായിക്കുമെന്നാണ് മേ കരുതുന്നത്. തല്‍ക്കാലം മന്ത്രിസഭാ പുനഃസംഘടന കുറച്ചുകാലത്തേക്ക് നീട്ടിവയ്ക്കാനാണ് മേയുടെ നീക്കം.
പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്താണ് രാജിയെന്ന് തിമോത്തി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലം നിരാശയുണ്ടാക്കുന്നതാണെന്നു പറഞ്ഞ അദ്ദേഹം ഫലത്തില്‍ മേയുടെ നിലപാടുകള്‍ സ്വാധീനിച്ചെന്ന ആരോപണം നിഷേധിച്ചു. ലേബര്‍ പാര്‍ട്ടിയുടെ അപ്രതീക്ഷിത മുന്നേറ്റമാണ് തിരിച്ചടിയായതെന്ന് തിമോത്തി പറഞ്ഞു.
അതിനിടെ, പാര്‍ലമെന്റില്‍ 326 എന്ന മാന്ത്രികസംഖ്യ സ്വന്തമാക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് മേ. നിലവില്‍ 318 അംഗങ്ങളുള്ള പാര്‍ട്ടി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി(ഡി.യു.പി)യുടെ പിന്തുണ സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബ്രിട്ടീഷ് രാജ്ഞിയോട് അനുവാദം തേടിയത്. പാര്‍ട്ടിയുടെ ചീഫ് വിപ്പ് ഗേവിന്‍ വില്യംസണ്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ബെല്‍ഫാസ്റ്റിലെത്തി ഡി.യു.പി നേതൃത്വവുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
തല്‍ക്കാലം സര്‍ക്കാര്‍ രൂപീകരണത്തിന് ഡി.യു.പിയുടെ പിന്തുണ ലഭിച്ചാലും പാര്‍ട്ടിയോടൊത്തുള്ള മുന്നോട്ടുപോക്ക് ടോറികള്‍ക്ക് അത്ര സുഗമമാകില്ല. പത്ത് അംഗങ്ങളുള്ള ഡി.യു.പി നേരത്തെ തന്നെ ടോറികളുടെ സഖ്യകക്ഷിയാണെങ്കിലും ബ്രെക്‌സിറ്റ് അടക്കമുള്ള വിഷയങ്ങളില്‍ അവരുടെ എതിര്‍ പക്ഷത്താണുള്ളത്. 19നു തുടങ്ങാനിരിക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകളെ ഇത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്. അതിനു പുറമെ, പിന്തുണക്കുപകരം ഡി.യു.പി എന്ത് ആവശ്യപ്പെടുമെന്നതും വ്യക്തമല്ല.
അതേസമയം, ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ന് സാധ്യതാ മന്ത്രിസഭ പ്രഖ്യാപിച്ചേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, മറ്റുപാര്‍ട്ടികളുമായി സഹകരണ ചര്‍ച്ച ആരംഭിച്ചതായി ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."