കരാറുകാരന്‍ ആശുപത്രി കെട്ടിടത്തിനു മുകളില്‍ മരിച്ച നിലയില്‍
ചെറുപുഴ (കണ്ണൂര്‍): കരാറുകാരനെ ആശുപത്രി കെട്ടിടത്തിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ ചൂരപ്പടവിലെ മുതു പാറക്കുന്നേല്‍ ജോസഫ് (ജോയി 55) ആണ് മരിച്ചത്. ചെറുപുഴയിലെ കെ. കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടത്തിന്റെ ടെറസില്‍ ഇരുകൈയുടെയും ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയിലാണു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം ജോസഫിന്റെ നേതൃത്വത്തിലാണു ആദ്യം മുതല്‍ നടന്നുവന്നിരുന്നത്. കെട്ടിടത്തിന്റെ ആദ്യനില ആശുപത്രിയും മറ്റു രണ്ടുനിലകള്‍ ചെറുപുഴ ഡവലപ്പേഴ്‌സ്, സിയാദ് ടവര്‍ എന്നീ കമ്പനികളുടെ പേരിലുമാണു രജിസ്റ്റര്‍ ചെയ്തിരുന്നത്. കെട്ടിടം നിര്‍മിച്ച വകയില്‍ ജോസഫിനു 1.34 കോടി രൂപ ലഭിക്കാനുണ്ടെന്നും പണം നല്‍കുന്ന കാര്യം സംസാരിക്കുന്നതിനായി കണക്കും മറ്റു ഫയലുകളുമായി ബുധനാഴ്ച വൈകിട്ട് ജോയി ചെറുപുഴയിലേക്കു പോയതായിരുന്നുവെന്നും സഹോദരന്‍ എം.ഡി മാര്‍ട്ടിന്‍ ചെറുപുഴ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ യോഗം നടന്നിരുന്നില്ല.
ഏറെ വൈകിയിട്ടും ജോയിയെ കാണാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ ചെറുപുഴ പൊലിസില്‍ പരാതിപ്പെട്ടു. ഇന്നലെ രാവിലെയാണ് ജോയിയെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഭാര്യ: മിനി. മക്കള്‍: ഡെവിന്‍, മെലീസ, ഡെന്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."