ദേവസ്വം ബോര്‍ഡിനെതിരായ വാര്‍ത്തകള്‍ വാസ്തവവിരുദ്ധം: എ. പദ്മകുമാര്‍
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനെതിരേ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് പ്രസിഡന്റ് എ. പദ്മകുമാര്‍. യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ ബോര്‍ഡിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ശബരിമലയില്‍ താല്‍ക്കാലികക്കാരെ നിയമിക്കുന്നത്. ഇത്തരത്തില്‍ നിയമന പ്രക്രിയ ഇത്തവണ ഒന്നുമായിട്ടില്ല. കോടതി വിധിക്കെതിരേയുള്ള ഒരു പ്രവര്‍ത്തനവും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിഷേധിച്ചു. ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കാന്‍ പോകുന്നു എന്നത് വ്യാജ പ്രചാരണമാണ്. ബോര്‍ഡ് ഇതുവരെ നേരിട്ടിട്ടില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ നേരിടുന്നത്. പ്രതിസന്ധികളും പ്രയാസങ്ങളും ഭരണാധികാരികള്‍ക്ക് നേരിടേണ്ടിവരുമെന്നും അക്കാരണത്താല്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."