അക്രമികളെ കുരുക്കിയത് പൊലിസിന്റെ ഡിജിറ്റല്‍ കണ്ണ്
തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും അക്രമം അഴിച്ചുവിട്ടവരും സന്നിധാനത്ത് പ്രതിഷേധിച്ചവരും കുടുങ്ങിയത് പൊലിസ് ഒരുക്കിയ വിഡിയോ, ഫോണ്‍ കാമറയില്‍. പ്രതിഷേധം അക്രമാസക്തമാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൂടാതെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഫോണ്‍ കാമറയിലും പകര്‍ത്തിയിരുന്നു. മാത്രമല്ല റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളില്‍നിന്നും പൊലിസ് ചിത്രങ്ങള്‍ സംഘടിപ്പിച്ചിരുന്നു. രണ്ടായിരത്തോളം പേരുടെ ഫോട്ടോകളാണ് സൈബര്‍ വിഭാഗം ശേഖരിച്ചിരിക്കുന്നത്.ആദ്യഘട്ടത്തില്‍ പുറത്തുവിട്ട ആല്‍ബത്തിലെ മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞാല്‍ രണ്ടാം ഘട്ടമായി ഇവ പുറത്തുവിടും. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പത്തനംതിട്ട എസ്.പി ടി. നാരായണന് കൈമാറിയതിനു പിന്നാലെയാണ് വിഡിയോയും ഫോട്ടോയും പരിശോധിക്കുന്ന നടപടികള്‍ ആരംഭിച്ചത്.
ഇതിനായി പത്തനംതിട്ട ഡിവൈ.എസ്.പിയെയും സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയെയും എസ.്പി ചുമതലപ്പെടുത്തി. തയാറാക്കിയ പട്ടിക പത്തനംതിട്ട എസ്.പി ഓഫിസില്‍നിന്ന് എല്ലാ ജില്ലാ പൊലിസ് മേധാവികള്‍ക്കും അയച്ച് കൊടുത്തു. ജില്ലകളില്‍ എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. എസ്.പിമാര്‍ ഫോട്ടോ ആല്‍ബം സ്‌പെഷല്‍ ടീമിനു കൈമാറി. ഈ ഫോട്ടോകള്‍ ഓരോ സ്റ്റേഷനിലേക്കും അയച്ചുകൊടുത്തു. സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണത്തില്‍ പങ്കാളികളായി.
ഫോട്ടോകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെ പൊതുജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചു തുടങ്ങി. അറസ്റ്റും ആരംഭിച്ചു. പ്രതിഷേധക്കാരില്‍ പലരും ഒളിവിലാണ്. എല്ലാവരെയും പിടികൂടുന്നതുവരെ നടപടി തുടരാനാണു തീരുമാനം. സൗത്ത് സോണ്‍ എ.ഡി.ജി.പി അനില്‍കാന്തിന്റെ മേല്‍നോട്ടത്തില്‍ ഐ.ജിമാരായ മനോജ് എബ്രഹാമും ശ്രീജിത്തുമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."