അമേരിക്കയില്‍ ട്രംപ് വിമര്ശകരെത്തേടി വീണ്ടും ലെറ്റര്‍ ബോംബുകള്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് വിമര്‍ശകരെ ലക്ഷ്യമിട്ടുള്ള ലെറ്റര്‍ ബോംബുകള്‍ തുടരുന്നു. ഇന്നലെ രണ്ടിടത്തുകൂടി സ്ഫോടകവസ്തുക്കള്‍ അടങ്ങിയ കത്തുകള്‍ കണ്ടെത്തി നശിപ്പിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റ് അംഗത്തിന്റെയും മുന്‍ ഇന്റലിജന്‍സ് മേധാവിയുടെയും വിലാസങ്ങളിലാണ് ഇന്നലെ കത്തുകളെത്തിയത്.
മുതിര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ന്യൂ ജഴ്സിയില്‍നിന്നുള്ള സെനറ്റ് അംഗവുമായ കോറി ബൂക്കറിന്റെ വിലാസത്തിലാണ് ഒരു ലെറ്റര്‍ ബോംബ് കണ്ടെത്തിയത്. ഇതു ഫ്ളോറിഡയ്ക്കടുത്ത തപാല്‍ ഓഫിസില്‍നിന്നു കണ്ടെടുക്കുകയായിരുന്നു. മുന്‍ ദേശീയ ഇന്റലിജന്‍സ് മേധാവിയായിരുന്ന ജെയിംസ് ക്ലാപ്പറുടെ വിലാസത്തിലുള്ള ലെറ്റര്‍ ബോംബ് ന്യൂയോര്‍ക്ക് പോസ്റ്റ് ഓഫിസില്‍നിന്നു കണ്ടെത്തി. രണ്ടും പൊലിസെത്തി നശിപ്പിച്ചു.
തിങ്കളാഴ്ചയാണ് ട്രംപ് വിമര്‍ശകരെ ലക്ഷ്യമിട്ടുള്ള ലെറ്റര്‍ ബോംബ് പ്രവാഹത്തിനു തുടക്കമായത്. ഹംഗേറിയന്‍ ശതകോടീശ്വരനും ഡെമോക്രാറ്റിക് പാര്‍ട്ടി അടക്കമുള്ള ലിബറല്‍ കക്ഷികളുടെ മുഖ്യ സാമ്പത്തിക സ്രോതസുമായ ജോര്‍ജ് സോറോസിനാണ് ഇത്തരത്തില്‍ ആദ്യമായി സ്ഫോടകവസ്തു ലഭിച്ചത്. ഇതിനു പിറകെ മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്, മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്, ഓസ്കര് ജേതാവ് റോബര്‍ട്ട് ഡി നിറോ, മുന്‍ സി.ഐ.എ ഡയരക്ടര്‍ ജോണ്‍ ബ്രെണ്ണന്, മുന്‍ അറ്റോണി ജനറല്‍ എറിക് ഹോള്‍ഡര്‍ തുടങ്ങി പന്ത്രണ്ടോളം പേരെ ലക്ഷ്യമിട്ടാണ് ഇതിനകം സമാനമായ രൂപത്തിലുള്ള കത്തുകളെത്തിയത്.
സംഭവത്തില്‍ ആരും ഇതുവരെ ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. വിവിധ പോസ്റ്റ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് എഫ്.ബി.ഐ അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."