സി.ബി.ഐയുടെ പ്രതിച്ഛായ നിലനിര്‍ത്തും: അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: സി.ബി.ഐയുടെ പ്രതിച്ഛായ നിലനിര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യതാല്പര്യവും വിശ്വാസ്യതയും സംരക്ഷിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിനു തിരിച്ചടിയായ സി.ബി.ഐ ഉള്‍പ്പോര് കേന്ദ്ര വിജിലന്‍സ് കമ്മിഷന് അന്വേഷിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് കേന്ദ്ര ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്. സുപ്രിംകോടതിയുടെ ഇടപെടല്‍ കേന്ദ്ര ഏജന്‍സിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ സഹായകമാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്നം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രിംകോടതി സി.വി.സിക്ക് ഉത്തരവ് നല്‍കിയത്. ആര്‍ക്കുമെതിരേ മുന്‍ധാരണയില്ലാതെ തികച്ചും സുതാര്യമായ രീതിയിലായിരിക്കും അന്വേഷണം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സിയുടെ പ്രൊഫഷണലിസം, വ്യക്തിത്വം, ധാര്‍മികത എന്നിവ നിലനിര്‍ത്തണമെന്നതാണ് സര്‍ക്കാര്‍ താല്പര്യപ്പെടുന്നത്. സി.ബി.ഐയിലെ എല്ലാ ഉദ്യോഗസ്ഥരും, പ്രത്യേകിച്ച് ഉന്നതരായ രണ്ട് ഉദ്യോഗസ്ഥര്‍ സീസറുടെ ഭാര്യയെപ്പോലെ സംശയത്തിന് അതീതരായിരിക്കണമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."