ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞു; പീഡനം തുടരുന്നു
തൊടുപുഴ: തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ മാല്‍കോടെക്‌സ് ഫിനാന്‍സ് മാനേജര്‍ തസ്തികയില്‍നിന്നു രാജിവച്ച സഹീര്‍ കാലടിയ്ക്ക് വീണ്ടും പീഡനം. അര്‍ഹതപ്പെട്ട ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ മാനേജിംഗ് ഡയരക്ടര്‍ പീഡനം തുടരുകയാണ്. ഇതോടെ സംസ്ഥാന പൊലിസ് മേധാവിക്കും മലപ്പുറം എസ്.പിക്കും സഹീര്‍ പരാതി നല്‍കി. പരാതിയില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ പൊലിസ് ഹെഡ് ഓഫിസ് പെറ്റിഷന്‍ എസ്.പിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി ഉത്തരവിട്ടു.
തൊഴില്‍ പീഡനത്തെ തുടര്‍ന്നാണ് വ്യവസായ വകുപ്പിനു കീഴിലുള്ള കുറ്റിപ്പുറം മാല്‍കോടെക്‌സില്‍നിന്നു സഹീര്‍ കാലടി ജൂലൈ ഒന്നിനു രാജിവച്ചത്.
മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ നല്‍കിയതില്‍ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയും 13 വര്‍ഷം പൊതുമേഖലാ സ്ഥാപനത്തില്‍ പ്രവര്‍ത്തന പരിചയവുമുള്ള അപേക്ഷകനായിരുന്നു സഹീര്‍. ഇദ്ദേഹത്തെയടക്കം അവഗണിച്ച് മന്ത്രി ജലീല്‍ ബന്ധു കെ.ടി.അദീബിനു നിയമനം നല്‍കിയത് വന്‍ വിവാദമായിരുന്നു.
മാനേജിംഗ് ഡയരക്ടര്‍ അടക്കം നടത്തിയ അഴിമതിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍ പീഡനം തുടങ്ങിയത്. നിലവിലെ എം.ഡി ടെന്‍ഡര്‍ വിളിക്കാതെ നൂല്‍ വില്‍പ്പന നടത്തുവാനും മാസത്തില്‍ നാലു ദിവസം താമസത്തിനായി 12,000 രൂപയ്ക്കുമുകളിലുള്ള ഫ്‌ളാറ്റ് വാടക ആവശ്യപ്പെട്ടു. താന്‍ എതിര്‍ത്തു.
ഫ്‌ളാറ്റ് വാടക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാത്രമെ അനുവദിക്കാന്‍ സാധിക്കൂ എന്നു പറഞ്ഞതോടെയാണ് തന്നോടുള്ള പക 2018 ഏപ്രില്‍ 23 മുതല്‍ തുടങ്ങിയതെന്ന് സഹീര്‍ പരാതിയില്‍ പറയുന്നു. എം. ഡി തുടര്‍ച്ചയായി സാമ്പത്തിക ക്രമക്കേട് തുടര്‍ന്നതിനാല്‍ ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണമോ വകുപ്പ് തല അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് വിശദമായ പരാതി മേലധികാരികള്‍ക്ക് നല്‍കി.
തുടര്‍ന്നുള്ള പീഡനം അതിശക്തമായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നം വന്നതിനാല്‍ 2019 ജനുവരി 29 മുതല്‍ മെഡിക്കല്‍ ലീവില്‍ ആയിരുന്നു. രണ്ടു വര്‍ഷത്തെ ശൂന്യവേതന അവധിക്ക് അപേക്ഷ നല്‍കി. തന്റെ മെഡിക്കല്‍ ലീവ് റദ്ദ് ചെയ്യിപ്പിക്കാനായി ഡി.എം.ഒ ക്ക് നിരന്തരം എം.ഡി കത്ത് അയച്ചു. തിരൂര്‍ ജില്ലാ ഗവണ്‍മെന്റ് ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് തന്റെ രോഗം ശരിവച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കി. എം.ഡിയുടെ വലിയ സ്വാധീനത്താല്‍ തന്റെ ജീവന്‍ തന്നെ ഏതു സമയവും ഇല്ലാതാക്കിയേക്കാമെന്ന് പരാതിയില്‍ പറയുന്നു.
തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി മാല്‍കോടെക്‌സ് എം.ഡി. ഇന്‍ ചാര്‍ജ് സി.ആര്‍ രമേഷിനും ഇയാള്‍ക്കു കണ്ണടച്ച് പിന്തുണ നല്‍കുന്ന കമ്മിറ്റിക്കും മേലധികാരികള്‍ക്കും ആയിരിക്കുമെന്നും സഹീര്‍ കാലടി ഡി.ജി.പി ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."