തമിഴ്നാട് ബി.ജെ.പി അധ്യക്ഷയ്ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം
ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷ തമിഴിശൈ സൗന്ദര് രാജനെതിരേ കേസെടുക്കാന്‍ തൂത്തുക്കുടി ജില്ലാ കോടതി പൊലിസിനു നിര്‍ദേശം നല്കി. 28കാരിയായ ഗവേഷണ വിദ്യാര്‍ഥിനി ലൂയിസ് സോഫിയയ്ക്കെതിരേ ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ടു യുവതിയുടെ പിതാവ് നല്കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
സെപ്റ്റംബര്‍ മൂന്നിനു തൂത്തുക്കുടി വിമാനത്താവളത്തില്‍ തമിഴിശൈയുടെ സാന്നിധ്യത്തില്‍ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് ഗവേഷണ വിദ്യാര്‍ഥിനിക്കെതിരേ തമിഴിശൈയും ബി.ജെ.പി പ്രവര്‍ത്തകരും ഭീഷണി മുഴക്കിയത്. തുടര്‍ന്നു യുവതിയെ സമൂഹമധ്യത്തില്‍ അവഹേളിക്കുന്നതരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് പരാതി.
ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ തമിഴിശൈയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സോഫിയയെ പൊലിസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍, തമിഴിശൈയും ബി.ജെ.പി പ്രവര്‍ത്തകരും യുവതിയെ ഭീഷണിപ്പെടുത്തുന്നതു തുടരുന്നുവെന്നു ചൂണ്ടിക്കാണിച്ച് ഇവരുടെ പിതാവ് എ.എ സാമി പരാതി നല്‍കിയെങ്കിലും ഇതു പൊലിസ് പരിഗണിച്ചില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹം തൂത്തുക്കുടി ജില്ലാ കോടതിയെ സമീപിച്ചത്.
ചെന്നൈയില്‍നിന്നു മകളെയുംകൂട്ടി വിമാനത്തില്‍ തൂത്തുക്കുടിയില്‍ വന്നിറങ്ങിയപ്പോഴാണ് ഇവിടെവച്ചു തമിഴിശൈയെ കണ്ടതെന്നും ഉടന്‍ മകള്‍ ഫാസിസ്റ്റ് ബി.ജെ.പി സര്‍ക്കാര്‍ തുലയട്ടെയെന്നു മുദ്രാവാക്യം വിളിച്ചെന്നും അല്ലാതെ ആരെയും പേരെടുത്തു വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ പ്രതികരിച്ചിട്ടില്ലെന്നും സോഫിയയുടെ പിതാവ് എ.എ സാമി പറഞ്ഞു.
എന്നാല്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളെ തടഞ്ഞുവച്ചു മോശം വാക്കുകളുപയോഗിച്ച് അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."