സിയാല്‍ ശീതകാല സമയപ്പട്ടിക നാളെ മുതല്‍
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ശീതകാല സര്‍വിസുകളുടെ സമയപ്പട്ടിക നാളെ നിലവില്‍ വരും. മാര്‍ച്ച് 30വരെയാണ് കാലാവധി. ഗോവ, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ലക്‌നൗ, ഗുവാഹത്തി എന്നീ നഗരങ്ങളിലേക്ക് ഇതാദ്യമായി നേരിട്ടുള്ള സര്‍വിസുകള്‍ ശീതകാല സമയപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
നിലവില്‍ കണക്ഷന്‍ വിമാനങ്ങളുള്ള ജയ്പൂരിലേക്കും കൊല്‍ക്കത്തയിലേക്കും ഇനി നേരിട്ട് പറക്കാനാകും. നിലവിലുള്ള വേനല്‍കാല സമയപ്പട്ടികയില്‍ ആഴ്ചയില്‍ മൊത്തം 1,360 സര്‍വിസുകളാണുള്ളത്. ശീതകാല പട്ടികയില്‍ അത് 1,734 ആയി ഉയര്‍ത്തിയിട്ടുണ്ട്. പ്രതിദിനം 124 ലാന്‍ഡിങ്ങും 124 ടേക് ഓഫും നടക്കും. ആഭ്യന്തര മേഖലയില്‍ നേരിട്ടുള്ള പുതിയ സര്‍വിസുകള്‍ തുടങ്ങുന്നതിന് പുറമെ നിലവിലുള്ള മിക്ക സര്‍വിസുകളുടെയും എണ്ണം കൂടിയിട്ടുണ്ട്. ഗോവയിലേക്ക് ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളാണ് പുതിയ സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഗോവയിലേക്ക് എല്ലാ ദിവസവും രാത്രി 9.40നാണ് ഇന്‍ഡിഗോ വിമാനം. ഗോ എയര്‍ പുലര്‍ച്ചെ 3.20നും. ഡിസംബര്‍ ഒന്നിന് ഇന്‍ഡിഗോയും നവംബര്‍ 15ന് ഗോ എയറും ഗോവ സര്‍വിസുകള്‍ തുടങ്ങുമെന്നാണ് സിയാലിനെ അറിയിച്ചിട്ടുള്ളത്. മറ്റ് അഞ്ച് നഗരങ്ങളിലേക്കും ഇന്‍ഡിഗോയാണ് പുതിയ സര്‍വിസുകള്‍ നടത്തുക. ഭുവനേശ്വറിലേക്കുള്ള ഇന്‍ഡിഗോ വിമാനം പുലര്‍ച്ചെ 5.35ന് പുറപ്പെടും.
വിശാഖപട്ടണത്തേക്ക് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 2.10നും ചൊവ്വാഴ്ച 1.40നും വിമാനം പുറപ്പെടും. ഭുവനേശ്വര്‍, വിശാഖപട്ടണം സര്‍വിസുകള്‍ ഡിസംബര്‍ ഒന്നിന് തുടങ്ങും. നവംബര്‍ 15 മുതല്‍ രാത്രി ഒന്‍പതിന് നാഗ്പൂരിലേക്ക് വിമാനമുണ്ടാകും. ലക്‌നൗവിലേക്ക് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി 9.20ന് വിമാനം പുറപ്പെടും. ഗുവാഹത്തിയിലേക്ക് രാവിലെ 5.40 നാണ് വിമാനം പുറപ്പെടുക. ലക്‌നൗ, ഗുവാഹത്തി സര്‍വിസുകള്‍ ഡിസംബര്‍ ഒന്‍പതിന് തുടങ്ങും. നിലവില്‍ ഗോ എയര്‍ അഹമ്മദാബാദ് വഴി ജെയ്പൂര്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് നവംബര്‍ 15 മുതല്‍ ഇന്‍ഡിഗോയുടെ നേരിട്ടുള്ള ജെയ്പൂര്‍, കൊല്‍ക്കത്ത സര്‍വിസ്.
ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 3.05ന് ജെയ്പൂര്‍ വിമാനം പുറപ്പെടും. കൊല്‍ക്കത്ത വിമാനം ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴിന് പുറപ്പെടും. ശീതകാല സമയപ്പട്ടിക പൂര്‍ണതോതില്‍ നിലവില്‍ വരുന്നതോടെ നെടുമ്പാശ്ശേരി വിമാത്താവളത്തില്‍നിന്ന് നേരിട്ട് സര്‍വിസുകളുള്ള നഗരങ്ങളുടെ എണ്ണം 21 ആകും. ഇതില്‍ ബംഗളൂരുവാണ് മുന്‍പില്‍. പ്രതിദിനം ശരാശരി 15 സര്‍വിസുകള്‍ ബംഗളൂരുവിലേക്കുണ്ട്. ഗോ എയര്‍ ഏഴും ഇന്‍ഡിഗോ 14 ഉം എയര്‍ ഇന്ത്യ ഒന്നും അധിക ആഭ്യന്തര സര്‍വിസുകള്‍ ശീതകാല സീസണില്‍ നടത്തും. സ്‌പൈസ് ജെറ്റ് രണ്ട് സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യാന്തര മേഖലയില്‍ ഇന്‍ഡിഗോ കുവൈത്തിലേക്കും മാലിയിലേക്കും അധിക സര്‍വിസുകള്‍ തുടങ്ങും.
ജെറ്റ് മൂന്ന് സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യാന്തര സെക്ടറില്‍ 16 നഗരങ്ങളിലേക്ക് നെടുമ്പാശ്ശേരിയില്‍നിന്ന് വിമാന സര്‍വിസുണ്ട്. നിലവിലുള്ള സര്‍വിസുകള്‍ക്ക് പുറമെ എയര്‍ ഏഷ്യ ആഴ്ചയില്‍ മൂന്ന് തവണ ക്വലാലംപൂരിലേക്ക് പുതിയ സര്‍വിസുകള്‍ ജനുവരി ഒന്നിന് തുടങ്ങും. എയര്‍ ഏഷ്യ, മലിന്‍ഡോ എന്നീ വിമാനക്കമ്പനികള്‍ ആഴ്ചയില്‍ 24 ക്വലാലംപൂര്‍ സര്‍വിസുകളാണ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."