കാര്‍ഷിക കര്‍മസേനയെ ശക്തിപ്പെടുത്താന്‍ കൃഷിവകുപ്പ്
തൊടുപുഴ: കാര്‍ഷിക കര്‍മസേനയെ ശക്തിപ്പെടുത്താന്‍ സംസ്ഥാന കൃഷിവകുപ്പിന് പദ്ധതി. നിലവിലുള്ളതിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ കാര്‍ഷിക കര്‍മസേന രൂപീകരിക്കാനുമായി നാലുകോടി രൂപ അനുവദിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് കൃഷി വികസന കര്‍ഷകക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷഹര്‍ ബാനു 23ന് പുറപ്പെടുവിച്ചു.
ഒരു കോടി രൂപയാണ് പുതിയ കാര്‍ഷിക കര്‍മസേന രൂപീകരിക്കുന്നതിനു വേണ്ടി നീക്കിവച്ചിരിക്കുന്നത്. അച്ചടക്കമുള്ളവരും പരിശീലനം സിദ്ധിച്ചവരുമായ കര്‍ഷക തൊഴിലാളികളുടെ ലേബര്‍ ബാങ്ക് രൂപീകരിക്കുകയാണ് കാര്‍ഷിക കര്‍മസേനയിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്.
ആവശ്യാനുസരണം ന്യായമായ വേതനത്തോടെ കര്‍ഷക തൊഴിലാളികളെ മുടക്കമില്ലാതെ ലഭിക്കാനാണിത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള പ്ലംബര്‍, ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് തുടങ്ങി സാങ്കേതിക പരിജ്ഞാനമുള്ളവരുടെ സര്‍വിസ് ബാങ്ക് രൂപീകരിച്ച് ആവശ്യാനുസരണം ലഭ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്. നൂറ് കര്‍മ സേനകളാണ് പുതുതായി രൂപീകരിക്കുന്നത്. ഓരോ ടീമിനുമായി ഒരു ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.
കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക കര്‍മസേന രൂപീകരിക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് കൃഷിവകുപ്പ് ഇതിനായി മുന്നിട്ടിറങ്ങിയത്.
കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഉയര്‍ന്ന കൂലിയാണ് സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന പ്രശ്‌നം. ഇതു പരിഹരിക്കാന്‍ കര്‍മസേനയിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനതലത്തില്‍ കര്‍മസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പ്രത്യേക കമ്മിഷന്‍ രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."