തുലാവര്‍ഷം വൈകും, കാരണമായത് പാകിസ്താന് വഴിയെത്തിയ കാറ്റ്
കോഴിക്കോട്: ഇന്നലെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാവര്‍ഷം വൈകും. നവംബര്‍ ആദ്യവാരം വരെ തുലാമഴക്ക് കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
ഇന്നലെ തുലാവര്‍ഷം എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയും മറ്റു കാലാവസ്ഥാ നിരീക്ഷകരും 26 ന് തന്നെ തുലാവര്‍ഷം എത്തുമെന്ന നിലപാടിലായിരുന്നു.
ഇതിന്റെ സൂചന നല്കി കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുഭാഗത്തും ശ്രീലങ്കയുടെ സമീപത്തുമായി തുലാവര്‍ഷത്തിനു അനുകൂലമായ കാറ്റിന്റെ ശ്രേണി രൂപപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയുണ്ടായ കാലാവസ്ഥാ മാറ്റമാണ് തുലാമഴയെ അകറ്റിയത്.
ആന്‍ഡമാന്‍ കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം തുലാവര്‍ഷത്തെ സ്വാധീനിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അത് മ്യാന്മറിലേക്ക് നീങ്ങുമെന്ന നിഗമനത്തിലാണ് തുലാവര്‍ഷം 26 ന് എത്തുമെന്ന് കാലാവസ്ഥാ ഏജന്‍സികള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ മധ്യധരണ്യാഴിയില്‍ നിന്നുള്ള പശ്ചിമവാതം (വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ്) പാകിസ്താന് വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചതോടെ ഈ ന്യൂനമര്‍ദത്തിന്റെ ദിശ ഒഡിഷയിലേക്ക് മാറിയതാണ് തുലാവര്ഷക്കാറ്റിനെ അകറ്റിയതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
ഇതു മൂലം അടുത്ത ഒരാഴ്ച കേരളത്തില്‍ മഴ കുറയും. വടക്കന്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥക്കും തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ചാറ്റല്മഴക്കുമാണ് സാധ്യത.
ഇതിനിടെ ഈ മാസം 29 ന് വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ തുലാവര്‍ഷം വീണ്ടും വൈകുമോയെന്നാണ് ആശങ്ക. ഈ മാസം 30 വരെ കേരളത്തില്‍ മഴക്ക് സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്ന സ്വകാര്യ വെബ്സൈറ്റ് പറയുന്നത്. കേരളത്തില്‍ അന്തരീക്ഷ താപനില ഉയരാനും ആര്‍ദ്രത കൂടാനുമുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."