യു.എസ് ഓപ്പണ്‍: നദാല്‍ സെമിയില്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നിസില്‍ നാലാം കിരീടം ലക്ഷ്യമിടുന്ന മുന്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്കോര്‍: 6-4, 7-5, 6-2. രണ്ടു മണിക്കൂര്‍ നീണ്ട മത്സരത്തിലൂടെയാണ് നദാല്‍ സെറ്റ് സ്വന്തമാക്കിയത്.
ഇത് നദാലിന്റെ 33ാം ഗ്രാന്‍ഡ് സ്ലാം സെമി ഫൈനലാണ്.
കാട്ടിലെ സിംഹത്തെ പോലെയാണ് നദാലെന്ന് എതിരാളി ഡീഗോ ഷ്വാര്ട്സ്മാന് പ്രശംസിച്ചു. അയാള്‍ ഭയങ്കരനാണ്. പോരാളിയാണ്. നിര്‍ണായക നിമിഷങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് അയാള്‍ക്കറിയാം. എട്ടു തവണ ഞാനദ്ദേഹവുമായി ഏറ്റുമുട്ടിയപ്പോഴും നിര്‍ണായക ഘട്ടങ്ങളില്‍ എന്നെക്കാള്‍ മികച്ച കളിയാണദ്ദേഹം കാഴ്ചവച്ചത്- ഷ്വാര്ട്സ്മാന് പറഞ്ഞു.
റോജര്‍ ഫെഡററും നൊവാക് ദ്യോകോവിചും പുറത്തായതോടെ ഇത്തവണത്തെ യു.എസ് ഓപ്പണില്‍ അവശേഷിക്കുന്ന മുന്‍ ചാംപ്യന്‍ നദാലാണ്. മൂന്നുപേരും അവസാനത്തെ 11 ഗ്രാന്‍ഡ് സ്ലാമിലും വിജയിച്ചവരാണ്. നദാലാവട്ടെ 12ാമത്തെ കിരീടത്തിന് രണ്ടു ചുവടുമാത്രം അകലെയാണ്.
നാളെ നടക്കുന്ന സെമി ഫൈനലില്‍ നദാല്‍ ഇറ്റലിയുടെ മാറ്റിയോ ബെരേറ്റിനിയെ നേരിടും. 23കാരനായ ബെരേറ്റിനി 1977നു ശേഷം സെമി ഫൈനലിലെത്തുന്ന ആദ്യ ഇറ്റലിക്കാരനാണ്. ഫ്രഞ്ച് താരം ഗെയില്‍ മോണ്‍ഫില്‍സിനെ 3-6, 6-3, 6-2, 3-6, 7-6 സ്കോറിനു തോല്‍പ്പിച്ചാണ് ബെരേറ്റിനി സെമിയിലെത്തിയത്.
പുരുഷ വിഭാഗത്തിലെ രണ്ടാം സെമിയില്‍ റഷ്യയുടെ ഡാനിയല്‍ മെദ്വദേവ് ബള്‍ഗേറിയയുടെ അട്ടിമറിക്കാരന്‍ ഗ്രിഗര്‍ ദിമിത്രോവിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."