റമദാന്‍ ആത്മസംസ്‌കരണത്തിന്റെ പരിശീലനകാലം
പരമോന്നതനായ അല്ലാഹുവിനെ എത്ര സ്തുതിച്ചാലും പ്രകീര്‍ത്തിച്ചാലും മതിയാകില്ല. ഉടമ തന്റെ അടിമയെ താന്‍ ഇഷ്ടപ്പെടുന്ന ജീവിത പരിശീലനത്തിനായി നിശ്ചയിക്കപ്പെട്ട ഒരു മാസക്കാലം, അതും അളവില്ലാത്ത പ്രതിഫലത്തോട് കൂടി. ദയാ വായ്‌പോടുകൂടി തന്റെ അടിമയെ പരിപാലിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന റബ്ബ് നമുക്ക് പാരത്രിക ജീവിത വിജയം നേടി തരുന്നതിന് വേണ്ടി തന്നെയാണ് ഇത്തരത്തിലുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. അല്ലാഹുവിന്റെ നില നില്‍പ്പിന് നമ്മില്‍ നിന്ന് ഒന്നും ആവശ്യമില്ല. നാം അമലുകള്‍ ഭാരമായി കരുതരുത്. അന്യനെ നന്നാക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ സ്വയം നന്നാവാന്‍ നാം പരിശ്രമിക്കാറില്ല. ആദ്യ പിതാവ് ആദം (അ) വിലക്കപ്പെട്ട കനി ഭക്ഷിച്ചു. പക്ഷാതാപവും തൗബയും കണ്ണീരൊഴുക്കികൊണ്ടുള്ള നിരന്തര ദുആയും റബ്ബ് സ്വീകരിച്ച് അവര്‍ക്ക് മാപ്പ് നല്‍കി. പാപ ചിന്ത കൂടാതെ വിലക്കപ്പെട്ട കാര്യങ്ങള്‍ നിത്യവും ചെയ്യുന്ന നാം സ്വര്‍ഗ വാസത്തിന് യോഗ്യരോ?. ദേഹേച്ഛകള്‍ക്ക് വഴിപ്പെട്ടുള്ള ജീവിതത്തിന് വ്രതം വിരാമം കുറിക്കുമ്പോള്‍, റമദാന് ശേഷവും തസ്വവ്വുഫിലധിഷ്ടിതമായ ആ ജീവിതം കൈവിടാതെ നേരായ മാര്‍ഗത്തിലൂടെ സഞ്ചരിക്കാനാണ് നാം ശ്രമിക്കേണ്ടത് .
'ത്വരീഖ' വഴിയാണ് പുണ്യ റസൂല്‍ (സ) വഴി അല്ലാഹുവിലേക്കുള്ള മാര്‍ഗം. തെറ്റുകുറ്റങ്ങളുടെ ആവര്‍ത്തനത്താല്‍ മലീമസമായ ദേഹമാകുന്ന കൂട് വൃത്തിയാക്കാതെ ദേഹി ഒന്നിച്ച് അവിടേക്ക് എത്തിപ്പെടുക സാധ്യമല്ല. നിഷിദ്ധമായ കാര്യങ്ങള്‍ കടന്ന് വരുമ്പോള്‍ പ്രവേശനം നിഷേധിക്കപ്പെടുന്ന നോമ്പുകാരന്റെ ശാരീരിക അവയവങ്ങള്‍ ജീവിതത്തിലുടനീളം അതു തന്നെയാണ് തുടരേണ്ടത്. ത്വരീഖത്ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നതും അതു തന്നെ. ഒരോ ശ്വാസ നിശ്വാസങ്ങളിലും അല്ലാഹുവിനെ സ്മരിക്കുക.
സൂര്യന്റെ ചൂട് പലപ്പോഴും നമുക്ക് അസഹ്യം. മഅ്ശറയിലെ ചൂടും നരകാഗ്‌നിയും നമ്മെ കാത്തിരിക്കുന്നു എന്ന സത്യം നമ്മില്‍ ഉളവാക്കുന്നില്ല. ഈമാനിക ക്ഷയം തന്നെ കാരണം. പരിശുദ്ധിയുടെ പരിശീലനം ഒരു മാസത്തേക്കല്ല, ജീവിതാന്ത്യം വരേക്കാണ്. കണ്ണഞ്ചിക്കുന്ന ഭൗതിക നേട്ടങ്ങളെയല്ല നാം ലക്ഷ്യം വെക്കേണ്ടത്. അല്ലാഹുവിന്റെ കാരാഗൃഹത്തില്‍ അകപ്പെടാതിരിക്കാന്‍ ശ്രമിക്കുക.
ആയിരം മാസത്തെ ഇബാദത്തിനേക്കാള്‍ പ്രതിഫലം നിശ്ചയിച്ച ലൈലതുല്‍ ഖദ്‌റിനെ സമ്മാനിച്ച അല്ലാഹു നമ്മില്‍ കൊളുത്തിയ നബി (സ) തങ്ങളില്‍ നിന്നുള്ള നൂറിനെ പ്രശോഭിക്കുക.
ലേഖകന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."