7 മത്സ്യത്തൊഴിലാളികള്‍, നടുക്കടലില്‍ 12 ദിവസം
ഫറോക്ക്: രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ 12 ദിവസം ആഴക്കടലില്‍ കുടുങ്ങിയ ഏഴു മത്സ്യത്തൊഴിലാളികളെ ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ബേപ്പൂരില്‍നിന്ന് ഒന്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ നടുക്കടലിലാണു ബോട്ട് കുടുങ്ങിക്കിടന്നത്. മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ലക്ഷദ്വീപ് അഗത്തി സ്വദേശി നിഷാദ്ഖാന്റെ ഉടമസ്ഥതയിലുള്ള അല്‍നൂര്‍ ബോട്ടാണ് എന്ജിന് തകരറിലായി പ്രവര്‍ത്തനം നിലച്ചത്. നാലു തമിഴ്നാട് സ്വദേശികളും മൂന്നു ബംഗാള്‍ സ്വദേശികളുമാണു ബോട്ടിലുണ്ടായിരുന്നത്.
കഴിഞ്ഞ 15നു രാത്രിയാണ് ഇവര്‍ മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനു പോയത്. 16നു ബോട്ടിന്റെ എന്ജിന് തകരാറിലായി കടലില്‍ കുടുങ്ങി. ശക്തമായ കാറ്റിലും കടല്‍ തിരയിലുംപെട്ട് ഒഴുകിയാണ് ബോട്ട് ബേപ്പൂരിനു സമീപം പുറംകടലില്‍ എത്തിയത്.
ഇന്നലെ രാവിലെ പത്തിനാണ് കോസ്റ്റല്‍ പൊലിസിന്റെ ഓപറേഷന് സജ്ഗന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ ബോട്ട് കടലില്‍ കുടുങ്ങിക്കിടക്കുന്ന വിവരം ലഭിക്കുന്നത്. ഈ വിവരം ഉടന്‍ തന്നെ മറൈന്‍ എന്‍ഫോഴ്സ്മെന്റിനു കൈമാറുകയും ഇവര്‍ ഉച്ചക്ക് 12 മണിയോടെ ഏഴ് മത്സ്യത്തൊഴിലാളികളെയും രക്ഷിച്ച് കരയ്ക്കെത്തിച്ചു. കന്യകുമാരി ഇരവിപുത്തന്പുര സ്വദേശികളായ സുസൈരാജ് (30), ജോനിസ് മോന് (23), അന്തോണി അടിമൈ (50), കൃസ്തുദാസ് (31), ബംഗാള്‍ സ്വദേശികളായ ട്വിങ്കുള് (38), സഞ്ജയ് (31) എന്നിവരെയാണു രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."