HOME
DETAILS

ജയിപ്പിക്കലില്ല, തോല്‍പ്പിക്കലുമില്ല

  
backup
June 11 2017 | 00:06 AM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa

ലോകത്തുള്ള സകല മനുഷ്യരും ഒത്തൊരുമിച്ച് എന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ചുവെന്നു കരുതുക. ഞാന്‍ ജയിക്കുമോ..?
കോടിക്കണക്കായ ജീവജാലങ്ങള്‍ മുഴുവന്‍ ഐക്യപ്പെട്ട് എന്നെ പരാജയപ്പെടുത്താന്‍ പണിയെടുത്തുവെന്നിരിക്കട്ടെ. ഞാന്‍ പരാജയപ്പെടുമോ..?
എന്നെ സന്തോഷിപ്പിക്കാന്‍ പ്രപഞ്ചമഖിലം കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തിയെന്നു സങ്കല്‍പിക്കുക. ഞാന്‍ സന്തുഷ്ടനാകുമോ..?
എന്നെ സങ്കടപ്പെടുത്താന്‍ ചരാചരങ്ങളഖിലവും ഇടതടവില്ലാതെ അധ്വാനിച്ചുവെന്നു വയ്ക്കുക. ഞാന്‍ സങ്കടപ്പെടുമോ..?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റവാക്കില്‍ ഉത്തരം നല്‍കുകയാണെങ്കില്‍ 'ഇല്ല' എന്നാണു മറുപടി. ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ ജയിപ്പിക്കുവാനോ പരാജയപ്പെടുത്തുവാനോ കഴിയില്ല. സന്തുഷ്ടനാക്കുവാനോ ദുഃഖിതനാക്കുവാനോ സാധിക്കില്ല. ജയപരാജയങ്ങള്‍ക്കും സന്തോഷസന്താപങ്ങള്‍ക്കും ഉത്തരവാദി അവനവന്‍ തന്നെയാണ്. മറ്റുള്ളവര്‍ക്ക് അതില്‍ സഹായസഹകരണങ്ങള്‍ നല്‍കാന്‍ മാത്രമേ കഴിയൂ. മറ്റൊരാളെ വിജയിപ്പിക്കാന്‍ ഒരാള്‍ക്കു കഴിയുമായിരുന്നുവെങ്കില്‍ തന്റെ പിതാവിനെ വിജയിപ്പിക്കാന്‍ ഇബ്‌റാഹീം പ്രവാചകനു കഴിയേണ്ടതായിരുന്നു. പക്ഷേ, ചരിത്രത്തില്‍ അതു സംഭവിച്ചില്ല. ശ്രമങ്ങളേറെ നടത്തിയിട്ടും നൂഹ് നബിക്ക് സ്വന്തം പുത്രനെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. പലവുരു ശ്രമങ്ങള്‍ നടത്തിയിട്ടും മൂസാ പ്രവാചകന് ഫറോവയെ വിജയിപ്പിക്കാനായില്ല. അബൂജഹ്‌ലിനെ വിജയത്തിലാക്കാന്‍ അന്ത്യപ്രവാചകര്‍(സ)ക്കും കഴിഞ്ഞത് ചരിത്രത്തില്‍ കാണില്ല.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നുവെങ്കില്‍ നംറൂദിന് അതു കഴിയേണ്ടതായിരുന്നു. ഇബ്‌റാഹീം പ്രവാചകനെ അപായപ്പെടുത്താന്‍ അഗ്നികുണ്ഡമുണ്ടാക്കി അതിലേക്കെറിഞ്ഞിട്ടുപോലും കൂടുതല്‍ വിജയത്തിലേക്കു കുതിക്കുകയല്ലാതെ ഒട്ടും പരാജയപ്പെടുത്താനായില്ല. അന്ത്യപ്രവാചകനെയും അവിടുത്തെ പ്രബോധനപ്രവര്‍ത്തനങ്ങളെയും പരാജയപ്പെടുത്താന്‍ എത്ര പ്രാവശ്യമാണ് ശത്രു പക്ഷത്തുനിന്ന് ശ്രമങ്ങളുണ്ടായത്. പക്ഷേ, പരാജയപ്പെടുത്താനുള്ള അവരുടെ ഓരോ പദ്ധതികളും അവിടുത്തേക്കു വിജയസോപാനങ്ങളേറാനുള്ള വകുപ്പുകളാവുകയാണുണ്ടായത്.
ജയപരാജയങ്ങളും സന്തോഷസന്താപങ്ങളും പുറത്തുനിന്നല്ല, അകത്തുനിന്നാണുണ്ടാവുക. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ 'ജയിപ്പിക്കുക', 'പരാജയപ്പെടുത്തുക' എന്ന പ്രയോഗംതന്നെ തെറ്റാണ്. ലോകത്ത് ജയിപ്പിക്കലില്ല, ജയിക്കലേയുള്ളൂ. പരാജയപ്പെടുത്തലില്ല, പരാജയപ്പെടലേയുള്ളൂ.
വിദ്യാലയങ്ങളില്‍ ജയിപ്പിക്കുക, തോല്‍പ്പിക്കുക എന്നൊരു പ്രയോഗം നിലവിലുണ്ട്. അതിനര്‍ഥം ജയിച്ചതാണെന്നോ തോറ്റതാണെന്നോ അല്ല. അവനെ അധ്യാപകന്‍ ജയിപ്പിച്ചതാണെന്നു കേട്ടാല്‍ തന്നെ മനസിലാക്കാം പുള്ളി തോറ്റതായിരുന്നുവെന്ന്. ജയിക്കാത്തതുകൊണ്ടാണല്ലോ ജയിപ്പിക്കേണ്ടി വന്നത്. ജയിപ്പിക്കുമ്പോള്‍ അവിടെ യഥാര്‍ഥത്തില്‍ ജയമല്ല, പരാജയമാണുണ്ടായിട്ടുള്ളത്. അവനെ തോല്‍പ്പിച്ചതാണെന്നു കേട്ടാലും മനസിലാക്കാം അവന്‍ യഥാര്‍ഥത്തില്‍ ജയിച്ചതായിരുന്നുവെന്ന്. സത്യത്തില്‍ അവന്‍ തോറ്റിട്ടില്ല, ജയിച്ചതാണ്. പക്ഷേ, ചില സാങ്കേതിക കാരണങ്ങളാല്‍ അവനെ തോല്‍പ്പിച്ചുവെന്നു മാത്രം. തോറ്റവനെ തോല്‍പ്പിക്കേണ്ടതില്ലല്ലോ.
യുദ്ധത്തില്‍ ഒരു സൈന്യം ശത്രു സൈന്യത്തെ പരാജയപ്പെടുത്തി എന്നു പറയും. സത്യത്തില്‍ പരാജയപ്പെടുത്തിയതല്ല, അവര്‍ പരാജിതരായതാണ്. പരാജയത്തിനു ഹേതുവാകുന്ന കാര്യങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായി. പ്രതിരോധിക്കാനും ഉപരോധിക്കാനും മുതിരാത്തത്, അവരോട് ഏറ്റുമുട്ടാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് ചിന്തിച്ചത്, പരാജയഭീതി അകത്തു കയറിയത്, മതിയായ മുന്നൊരുക്കങ്ങള്‍ നടത്താത്തത്... ഇവയില്‍ ഏതുമാകാം പരാജയകാരണം. അല്ലാതെ, മറുവിഭാഗം അവരെ പരാജയപ്പെടുത്തിയതല്ല.
ബദ്‌റില്‍ വിശ്വാസികള്‍ അവിശ്വാസികളെ പരാജയപ്പെടുത്തിയിട്ടില്ല. അവര്‍ പരാജിതരായതാണ്. വിശ്വാസികളെ കണ്ട് അവര്‍ ഭയന്നുവിറച്ചു. ഇവരോടേറ്റു മുട്ടാന്‍ ഞങ്ങള്‍ക്കാവില്ലെന്ന ബോധം അവരിലുണര്‍ന്നു. പതിയെപ്പതിയെ യുദ്ധമുഖത്തുനിന്ന് പിന്‍വലിയാന്‍ തുടങ്ങി. അതാണ് അവര്‍ക്കു പരാജയമായത്. ഉഹ്ദില്‍ അവിശ്വാസികള്‍ വിശ്വാസികളെ പരാജയപ്പെടുത്തിയിട്ടില്ല. പരാജിതരായി മാറിയതാണ്. സൈന്യാധിപന്റെ വാക്കുകള്‍ ലംഘിച്ച് ഒരുവിഭാഗം തന്നിഷ്ടം പ്രവര്‍ത്തിച്ചു. അതാണ് പരാജയത്തെ വരുത്തിവച്ചത്.
ഒരു സൈന്യം മറുസൈന്യത്തെ പരാജയപ്പെടുത്തി എന്നു പറയുന്നതു ശരിയാണെങ്കില്‍ പരാജയപ്പെടുത്തപ്പെട്ട സേന പരാജയപ്പെടുത്തിയ സേനയെ വിജയിപ്പിച്ചു എന്നും പറയേണ്ടിവരും. അതാരെങ്കിലും പറയാറുണ്ടോ..?
വിജയിക്കാനാവശ്യമായ കാര്യങ്ങളെന്തെല്ലാമുണ്ടോ അതെല്ലാം ചെയ്തിട്ടും ഉദ്ദിഷ്ടഫലം ലഭിച്ചില്ലെങ്കില്‍ അവിടെ പരാജയപ്പെട്ടു എന്നു വിധിക്കരുത്. പുറത്ത് വിജയമില്ലെങ്കിലും അകത്ത് വിജയമുണ്ട്. അങ്കക്കളത്തില്‍വച്ച് ശത്രുവിന്റെ വെട്ടേറ്റ് മരിക്കുന്ന സത്യവിശ്വാസി പരാജിതനല്ല, വിജയിയാണ്. അധ്വാനിച്ചു പഠിച്ചിട്ടും പരാജിതരുടെ ലിസ്റ്റിലാണു പേരു വന്നതെങ്കില്‍ ആ പരാജയം കടലാസിലേയുള്ളൂ. യഥാര്‍ഥത്തില്‍ അവിടെ വിജയമുണ്ടായിട്ടുണ്ട്.
ജയിക്കണമെങ്കില്‍ അവനവന്‍തന്നെ പണിയെടുക്കണം. അധ്യാപകന് മാര്‍ക്ക് കൂട്ടിയിട്ടുതരാം. അതുമൂലം ലിസ്റ്റില്‍ വിജയിയെന്നും കണ്ടേക്കും. പക്ഷേ, അതു വിജയമല്ല. ഇനി മാര്‍ക്ക് കുറച്ച കാരണത്താല്‍ രേഖയില്‍ പരാജിതനെന്നും കണ്ടേക്കാം. പക്ഷേ, അതു പരാജയമല്ല.
ആര്‍ക്കും ആരെയും ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ കഴിയില്ല. കുറച്ചൊക്കെ പോത്തും വിചാരിക്കണമെന്നു പറയാറില്ലേ. എന്റെ ഭാഗത്തുനിന്ന് ഒരു ശതമാനം പോലും പരിശ്രമമില്ലെങ്കില്‍ ലോകത്തുള്ള സര്‍വ മനുഷ്യരും ജയിപ്പിക്കാന്‍ ശ്രമിച്ചാലും ഞാന്‍ വിജയിക്കില്ല. എന്റെ ഭാഗത്തുനിന്ന് സര്‍വത്ര പരിശ്രമങ്ങളും ഉണ്ടായിരിക്കെ ലോകത്തുള്ളവര്‍ മുഴുവന്‍ എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചാലും ഞാന്‍ പരാജിതനാകില്ല.
എന്റെ വിജയത്തിന് ഞാനാണ് ഉത്തരവാദി. എന്റെ പരാജയത്തിനും ഞാന്‍ തന്നെ ഉത്തരവാദി. വെറുതെ മറ്റുള്ളവരെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ വേണ്ട. അവര്‍ക്ക് പരമാവധി പോയാല്‍ എന്നെ പ്രോത്സാഹിപ്പിക്കാനും നിരുത്സാഹപ്പെടുത്താനും മാത്രമേ കഴിയൂ. അറിയുക: താഴ്ന്നവനെയാണ് ഉയര്‍ത്താറുള്ളത്. ഉയര്‍ന്നവനെയാണ് താഴ്ത്താറുമുള്ളത്. ഉയര്‍ന്നവനെ ആരും ഉയര്‍ത്താറില്ല. താഴ്ന്നവനെ താഴ്ത്താറുമില്ല. തോല്‍പ്പിക്കല്‍ ജയിച്ചവനെയാണ്. ജയിപ്പിക്കല്‍ തോറ്റവനെയുമാണ്. തോറ്റവനെ തോല്‍പ്പിക്കേണ്ടതില്ല. ജയിച്ചവനെ ജയിപ്പിക്കേണ്ടതുമില്ല.
തോല്‍പ്പിക്കലും ജയിപ്പിക്കലും മറ്റൊരാളാണ് നടത്തുക. ജയിക്കലും തോല്‍ക്കലും അവനവനാണ് നടത്തുക. എനിക്കു വിജയിക്കണമെങ്കില്‍ ഞാന്‍ പണിയെടുക്കണം. ഞാന്‍ വിജയിക്കാന്‍ വേറൊരാള്‍ പണിയെടുത്താല്‍ ഞാനല്ല, അയാളാണ് വിജയിക്കുക. എന്റെ പരീക്ഷ മറ്റൊരാളെഴുതിയാല്‍ ഞാന്‍ വിജയിക്കലായോ..? മറ്റൊരാള്‍ ചെയ്ത പ്രവര്‍ത്തിയുടെ ഫലമായി ഞാനെങ്ങനെ പരാജയപ്പെടും...? ഞാന്‍ പരാജയപ്പെടുന്നത് എന്റെ ചെയ്തി മൂലം. ഞാന്‍ വിജയിക്കുന്നതും എന്റെ പ്രവര്‍ത്തി മൂലം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago