യുവതിയുടെ ഐ.എസ് ബന്ധം: അന്വേഷണ സംഘം കാസര്‍കോടെത്തി
കാസര്‍കോട്: ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് വേണ്ടി തലസ്ഥാനത്ത് നിന്നും ഉദ്യോഗസ്ഥര്‍ കാസര്‍കോട് എത്തി. ജില്ലയിലെ പൊയിനാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കോളജില്‍ പഠനം നടത്തി വരവേ മതം മാറിയ നിമിഷയെന്ന ഫാത്തിമയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തിയത്.
തിരുവനന്തപുരം ജില്ലക്കാരിയായ നിമിഷ മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും മതം മാറിയ യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചനയുണ്ട്.
പൊയിനാച്ചിയിലെ കോളജില്‍ യുവതി പഠിച്ചിരുന്ന സമയത്താണ് ഇവര്‍ മതം മാറി ഫാത്തിമയായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ കോളജിലെ ഇവരുടെ സഹപാഠികളില്‍ നിന്നും ശേഖരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം ജില്ലയിലെത്തിയത്. നിമിഷയെന്ന ഫാത്തിമയുടെ അടുത്ത സുഹൃത്തുക്കളായ രണ്ടു പേരെ കോളജിന്റെ മേലാധികാരിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു.
യുവതിയുടെ മാതാവ് നല്കിയ പരാതിയെ തുടര്‍ന്ന് ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം പൊലിസ് കേസെടുത്തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്ത് വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."