സമസ്ത ബഹ്റൈന്‍ മദ്റസയില്‍ മുതിര്‍ന്നവര്‍ക്കായി സൗജന്യ ഖുര്‍ആന്‍ പഠന കോഴ്സ് ആരംഭിച്ചു
മനാമ: സമസ്ത ബഹ്റൈന്‍ ഘടകത്തിനു കീഴില്‍ മനാമയില്‍ പ്രവര്‍ത്തിക്കുന്ന ഇര്‍ഷാദുല്‍ മുസ്ലിമീന് ഹയര്‍സെക്കണ്ടറി മദ്റസയില്‍ കുട്ടികളെ കൂടാതെ പ്രവാസികളായ മുതിര്‍ന്നവര്‍ക്കും ഖുര്‍ആന്‍ പഠനത്തിന് അവസരം.
ബഹ്റൈനില്‍ ജോലിക്കായി എത്തിയ പ്രവാസികള്‍ക്ക് തങ്ങളുടെ ജോലി സമയം കഴിഞ്ഞുള്ള സമയത്താണ് സൗജന്യമായ ഖുര്‍ആന്‍ പഠനത്തിനിവിടെ സാഹചര്യം ഒരുക്കിയിരിക്കുന്നത്.
മുതിര്‍ന്നവരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി ആഴ്ചയില്‍ രണ്ടു ദിവസമാണ് ക്ലാസ്സുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും രാത്രി. ബഹ്റൈന്‍ സമയം 9.30 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും.
20162017 വര്‍ഷത്തെ പുതിയ ബാച്ചിനുള്ള പ്രവേശനോത്സവ് കഴിഞ്ഞ ദിവസം മനാമ മദ്റസയില്വച്ചു നടന്നു. മുഹമ്മദ് മുഹ് സിന് ഷാജി എന്ന ഗ്രാജ്വേഷന് വിദ്യാര്‍ത്ഥിയില്‍ നിന്നും അഡ്മിഷന് സ്വീകരിച്ചാണ് പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചത്.
സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍ പ്രവേശനോത്സവ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഉസ്താദ് ഹാഫിള് ഷറഫുദീന്‍ അധ്യക്ഷത വഹിച്ചു. ഉസ്താദ് ഉമറുല്‍ ഫാറൂഖ് ഹുദവി, ഉസ്താദ് അശ്റഫ് അന്‍വരി, VKK കുഞ്ഞഹമ്മദ് ഹാജി, ഒ.വി. അബ്ദുല്‍ ഹമീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ശഫീഖ് വടകര ഖിറാഅത്ത് നടത്തി. റിയാസ് പുതുപ്പണം സ്വാഗതവും അബ്ദുല്‍ റസാഖ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.
സമസ്ത ബഹ്റൈന്‍ ഘടകത്തിനു കീഴില്‍ ബഹ്റൈനില്‍ എട്ട് മദ്റസകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പ്ലസ്ടു വരെ ക്ലാസ്സുകളുള്ള കേന്ദ്ര മദ്റസ കൂടിയാണ് മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന് മദ്റസ.
മനാമയിലെ ഗോള്‍ഡ് സിറ്റിയിലാണിപ്പോള് ഈ മദ്റസയും സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള ഖുര്‍ആന്‍ പഠന കോഴ്സിലേക്കുള്ള അഡ്മിഷന് ഈ മാസം അവസാനം വരെയും സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമസ്ത മനാമ മദ്റസയുമായി ബന്ധപ്പെടാവുന്നതാണ്. +97317227975.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."