കാസര്‍കോട് സ്വദേശി ആദായനികുതി അഡി. ഡയരക്ടര്‍ ജനറല്‍
കാസര്‍കോട്: കാസര്‍കോട് സ്വദേശിയെ ആദായനികുതി അഡീഷനല്‍ ഡയരക്ടര്‍ ജനറലായി നിയമിച്ചു. ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസ് ഉദ്യോഗസ്ഥനായിരുന്ന കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശി പി. മനോജ് കുമാറിനെയാണ് കേന്ദ്ര സര്‍ക്കാരില്‍ ജോ. സെക്രട്ടറി റാങ്കിലുള്ള തസ്തികയായ അഡി. ഡയറക്ടറായി നിയമിച്ചത്. കഴിഞ്ഞ ദിവസം മനോജ് കുമാര്‍ ചുമതലയേറ്റു. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മനോജ് കുമാര്‍ പടന്നക്കാട് നെഹ്‌റു കോളജില്‍ നിന്ന് 1995ല്‍ ഒന്നാം റാങ്കോടെ എം.എസ്‌സി പാസായി.
1998ല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസില്‍ ജോലിയില്‍ പ്രവേശിച്ചു. കേന്ദ്ര ഗവണ്‍മെന്റില്‍ ആരോഗ്യം, ചെറുകിട വ്യവസായം, സ്റ്റാറ്റിസ്റ്റിക്‌സ്, ആഭ്യന്തരം, ഗ്രാമീണ വികസനം തുടങ്ങിയ വകുപ്പുകളില്‍ മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ്‍ റോഡ് പദ്ധതിയുടെ ഡയരക്ടറായിരിക്കെ അട്ടപ്പാടിയിലെ ആദിവാസി മേഖലകളിലും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലും ഉള്‍പെടെ കേരളത്തില്‍ 3,500 കിലോമീറ്ററിലധികം റോഡുകള്‍ യാഥാര്‍ഥ്യമാക്കിയിരുന്നു. ഇതിനുപുറമെ നീലേശ്വരത്ത് റെയില്‍വേ വികസന കാര്യങ്ങളിലും കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്ന കാര്യത്തിലും ഇടപെട്ട് നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പരേതരായ കൃഷ്ണന്‍- മാധവി ദമ്പതികളുടെ മകനാണ്. അധ്യാപികയായ സവിതയാണ് ഭാര്യ. മക്കള്‍: മീനാക്ഷി മനോജ്, ദേവ് മനോജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."