ഹമാസ് ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായാണ് അറബ് രാജ്യങ്ങള്‍ കാണുന്നതെന്ന് ഖത്തര്‍
ദോഹ: ഹമാസിനെ ശരിയായ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായാണ് അറബ് രാജ്യങ്ങള്‍ കാണുന്നതെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്്മാന്‍ ആല്‍ഥാനി. മോസ്‌കോ സന്ദര്‍ശനത്തിനിടെ റഷ്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക ഹമാസിനെ ഭീകര സംഘടനയായാണ് കരുതുന്നത്. എന്നാല്‍, അറബ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ശരിയായ ചെറുത്തുനില്‍പ്പ് സംഘടനയാണ്. ഞങ്ങള്‍ പിന്തുണക്കുന്നത് ഹമാസിനെയല്ലെന്നും ഫലസ്തീനിലെ ജനങ്ങളെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2007 മുതല്‍ ഗസ ഭരിക്കുന്ന ജനകീയ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമാണ് ഹമാസ്. 20 ലക്ഷത്തോളം പേര്‍ താമസിക്കുന്ന ഈ ചെറുതുരുത്ത് ഒരു പതിറ്റാണ്ടിലേറെയായി ഇസ്രായേലിന്റെ കടുത്ത ഉപരോധത്തിന്‍ കീഴിലാണ്. അറബ് രാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ ഖത്തര്‍ ഹമാസിനും മുസ്്‌ലിം ബ്രദര്‍ഹുഡിനും നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്ന് ബുധനാഴ്ച സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞിരുന്നു. ഹമാസിനും ബ്രദര്‍ഹുഡിനും പിന്തുണ നല്‍കുന്നതിലൂടെ ഖത്തര്‍ ഫലസ്തീന്‍ അതോറിറ്റിയെയും ഈജിപ്തിനെയും ക്ഷയിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഖത്തറിന്റെ നിലപാട് മറ്റു ഗള്‍ഫ് രാജ്യങ്ങളോട് യോജിച്ചുപോവുന്നതാണെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു. ഹമാസ് ഖത്തറിലുണ്ട് എന്നതിനര്‍ഥം അത് ഹമാസിനെ പിന്തുണക്കുന്നു എന്നല്ല. ഖത്തര്‍ ഫലസ്തീന്‍ അതോറിറ്റിയുമായും സഹകരിക്കുന്നുണ്ട്. ഹമാസിന്റെ രാഷ്ട്രീയ പ്രാതിനിധ്യമാണ് ഖത്തറിലെ സാന്നിധ്യം. യു.എസുമായും മേഖലയിലെ മറ്റു രാജ്യങ്ങളുമായും സഹകരിച്ചാണ് ഹമാസ് നേതാക്കള്‍ക്ക് ദോഹയില്‍ സാന്നിധ്യമനുവദിച്ചിരിക്കുന്നത്. ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്കും ഐക്യത്തിനും വഴിയൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം, ഹമാസിന് ഖത്തര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന സഊദി അറേബ്യയുടെ പ്രസ്താവന ഫലസ്തീന്‍ ജനതയെയും അറബ് ഇസ്്‌ലാമിക് രാജ്യങ്ങളെയും ഞെട്ടിച്ചതായി ഹമാസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."