സുബൈദ വധം: വിചാരണ നടപടികള്‍ തുടങ്ങി
കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. കോടതി പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു.
പൊലിസിനെ വെട്ടിച്ചു രക്ഷപ്പെട്ട കേസിലെ പ്രതി കര്‍ണാടക സുള്ള്യ അജാവാരയിലെ അസീസ് ഒഴികെയുള്ള മറ്റു പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇക്കഴിഞ്ഞ ജനുവരി 19നാണ് സുബൈദയെ സ്വന്തം വീടിനകത്ത് വീട്ടിനകത്ത് കൈകാലുകള്‍ കെട്ടിയിട്ടു ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയത്.
കേസില്‍ മധൂര്‍ പടഌകുഞ്ചാര്‍ കോട്ടക്കണ്ണി റോഡില്‍ നസ്രീന മന്‍സിലില്‍ മൂസയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (26), പടഌകുതിരപ്പാടിയിലെ ബഷീറിന്റെ മകന്‍ ബാവ അസീസ്, കര്‍ണാടക സുള്ള്യ അജാവാര ഗുളമ്പയിലെ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് പ്രതികള്‍.
ഇതില്‍ സുള്ള്യയിലെ അസീസാണ് മറ്റൊരു കേസില്‍ സുള്ള്യ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ പൊലിസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. സംഭവം നടന്നിട്ടു മൂന്നാഴ്ച പിന്നിട്ടെങ്കിലും ഇയാളെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനുനേതൃത്വം നല്‍കിയ ബേക്കല്‍ സി.ഐ വിശ്വംഭരനാണ് 1500 പേജുള്ള കുറ്റപത്രം കോടതിയില്‍ മുമ്പ് സമര്‍പ്പിച്ചത്.
കേസില്‍ നാലാംപ്രതിയെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. മൊത്തം ഒന്‍പതുസാക്ഷികളാണ് കേസിലുള്ളത്. 60 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മൂന്നുമാസം തികയുന്നതിനുമുന്‍പുതന്നെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നതു തടയാന്‍ കഴിഞ്ഞു.
ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, എ.എസ്.പി വിശ്വനാഥന്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍, കാസര്‍കോട് ഡിവൈ.എസ്.പി കെ. സുകുമാരന്‍, സ്‌പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി അസൈനാര്‍, ബേക്കല്‍ സി.ഐ വിശ്വംഭരന്‍, സി.ഐ സി.കെ സുനില്‍കുമാര്‍, അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുബൈദ വധക്കേസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്.
കവര്‍ച്ചാമുതലുകളും കൃത്യം നടത്താന്‍ ഉപയോഗിച്ച രണ്ടു കാറുകളും ആയുധങ്ങളും ഉള്‍പ്പെടെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.
സുബൈദയുടെ വീട്ടില്‍നിന്നു മോഷ്ടിച്ച രണ്ടു സ്വര്‍ണവളകള്‍, ഒരു മാല, ഒരു ജോഡി കമ്മല്‍ എന്നിവ കാസര്‍കോട്ടെ ജ്വല്ലറിയില്‍നിന്നു കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."