അസൗകര്യങ്ങള്‍ക്ക് നടുവില്‍ തലതാഴ്ത്തി ദ്വാരകയിലെ ആയുര്‍വേദ ആശുപത്രി
പനമരം: ദിനവും നൂറു കണക്കിന് രോഗികള്‍ ചികിത്സക്കെത്തുന്ന ദ്വാരകയിലെ ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത് അസൗകര്യങ്ങള്‍ക്ക് നടുവില്‍. എടവക പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിക്ക് ആവശ്യമായ സ്ഥമില്ലാത്തതാണ് പ്രധാന പ്രശ്നം. ആരംഭത്തില്‍ പാതിരിച്ചാലിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും നിലവില്‍ പഞ്ചായത്തിന്റെ ശിശു മന്ദിരത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഒ.പിക്ക് പുറമേ കിടത്തി ചികിത്സയും നടക്കുന്ന ആശുപത്രിയാണിത്.
30ഓളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുണ്ട്. വാര്‍ഡുകള്‍ മുകളിലത്തെ നിലയിലായതിനാല്‍ രോഗികള്‍ക്ക് വാര്ഡിലെത്താനും പ്രയാസമാണ്. കൂടാതെ പ്രഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നമാണ്. രണ്ടു ഡോക്ടര്‍മാരുടെ സേവനമുണ്ടങ്കിലും ആവശ്യമായ മറ്റു ജീവനക്കാരുടെ അഭാവവും ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ദുരിതമാകുകയാണ്. ആശുപത്രിക്ക് സ്ഥലം കണ്ടെത്തുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഹോസ്പിറ്റല്‍ മനേജ്മെന്റ് കമ്മിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
മാനേജ്മെന്റ് കമ്മിറ്റിയും പഞ്ചായത്ത് അധികൃതരും ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതാണ് ഹോസ്പിറ്റലിന് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ താമസിക്കുതെന്ന ആക്ഷേപവും ശക്തമാണ്. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ ആശുപത്രി പഞ്ചായത്തിന്റെ കീഴില്‍ നിന്നും മാറ്റി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇതിന്റെ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടുമില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം രോഗികള്‍ ചികിത്സക്കെത്തുന്ന ആശുപത്രിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി കെട്ടിട സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."