കുട്ടികള്‍ വിശന്നിരിക്കേണ്ട; സ്‌കൂളുകളില്‍ ശിശുക്ഷേമ സമിതിയുടെ 'മധുരം പ്രഭാതം' പദ്ധതി
കാസര്‍കോട്: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ ശിശുക്ഷേമസമിതി 'മധുരം പ്രഭാതം' പദ്ധതി നടപ്പാക്കുന്നു. പ്രഭാത ഭക്ഷണം കഴിക്കാന്‍ സാഹചര്യമില്ലാതെ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നതാണ് പദ്ധതി. ഇന്നലെ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതി യോഗത്തിലാണ് തീരുമാനം.
മലയോര, തീരദേശ മേഖലകളിലെ 10 സ്‌കൂളുകളെ പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുക്കും. തദ്ദേശ ഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എന്നിങ്ങനെയുള്ളവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
നിലവില്‍ 10 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും ഭാവിയില്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. നിലവില്‍ ആദിവാസി മേഖലകളില്‍ നിന്നടക്കം വിദ്യാര്‍ഥികള്‍ പ്രഭാത ഭക്ഷണം കഴിക്കാതെ സ്‌കൂളുകളിലെത്തുന്നുണ്ടെന്നാണ് കരുതുന്നത്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ശിശു സംരക്ഷണ സമിതി ഇത്തരമൊരു പദ്ധതിയ്ക്കു രൂപം നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ നിയമ സംവിധാനങ്ങളുമായി ചേര്‍ന്ന് നവംബര്‍ ഒന്നു മുതല്‍ 21 വരെ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ ക്രഷുകളിലും അങ്കണവാടികളിലും ജില്ലാതല ശിശുദിനപരിപാടി സംഘടിപ്പിക്കും. കുട്ടികള്‍ക്കു വേണ്ടിയുളള വിവിധ മത്സരങ്ങള്‍ നവംബര്‍ മൂന്നിനു കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കും.
നംവബര്‍ 14നു കാസര്‍കോട് മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് നഗരത്തില്‍ ശിശുദിനറാലി സംഘടിപ്പിക്കും. ബാലാതിക്രമങ്ങള്‍ക്കെതിരായ കാംപയിനു തുടക്കംകുറിച്ച് നവംബര്‍ മൂന്നാം വാരത്തില്‍ ജില്ലാതല ശില്‍പശാല സംഘടിപ്പിക്കും.
ആദിവാസി കുട്ടികള്‍ക്കുവേണ്ടി 'ചങ്ങാതിക്കൂട്ടം' എന്ന പേരില്‍ ക്രിസ്തുമസ് വെക്കേഷനില്‍ ത്രിദിന ക്യാംപ് സംഘടിപ്പിക്കുവാനും ജില്ലാ ശിശുക്ഷമ സമിതി യോഗം തീരുമാനിച്ചു.
ഡി.ടി.പി.സി, പട്ടികവര്‍ഗ വകുപ്പ് എന്നിവയുമായി ചേര്‍ന്നാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. യോഗത്തില്‍ കലക്ടര്‍ ഡോ.ഡി. സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മധു മുധിയക്കാല്‍, ട്രഷറര്‍ എം. ലക്ഷ്മി, സാമൂഹ്യ നീതിവകുപ്പിലെ ഡീനാ ഭരതന്‍, ശിശുസംരക്ഷണ ഓഫിസര്‍ ബിജു, അജയന്‍ പനയാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."