അരിച്ചുപെറുക്കിയിട്ടും 'കുട്ടി ഡ്രൈവര്‍മാര്‍' കുടുങ്ങിയില്ല
കാസര്‍കോട്: അമിത വേഗതയില്‍ ബൈക്കില്‍ കുട്ടി ഡ്രൈവര്‍മാര്‍ പറക്കുന്നതു കാണാന്‍ കാസര്‍കോട്ടെ ഏതെങ്കിലും ഒരു റോഡരികില്‍ അല്‍പ്പസമയം നിന്നാല്‍ മതിയായിരുന്നു. അതു പഴയ കഥ. ഇന്ന് കഥമാറി. മഞ്ചേശ്വരം മുതല്‍ കാസര്‍കോടു വരെ മോട്ടോര്‍ വാഹന വകുപ്പ് അരിച്ചുപെറുക്കിയിട്ടും ഒറ്റ കുട്ടിഡ്രൈവര്‍മാരെയും റോഡില്‍ കാണാന്‍ കഴിഞ്ഞില്ല.
പുതിയ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം മഞ്ചേശ്വരം മുതല്‍ കാസര്‍കോട് വരെ മോട്ടോര്‍ വാഹനവകുപ്പ് വിഡിയോയില്‍ ചിത്രീകരിച്ചു കൊണ്ട് നടത്തിയ പരിശോധനയിലാണ് ഒറ്റ കുട്ടി ഡ്രൈവര്‍മാരും കുടുങ്ങാതിരുന്നത്. പൊലിസ് നടത്തിയ കര്‍ശന പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ബൈക്ക് ഓടിച്ചതിന് രക്ഷിതാക്കള്‍ക്കെതിരേ ജില്ലയില്‍ രണ്ടു കേസ് മാത്രമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചതിന് ശരാശരി 500 കേസുകള്‍ ഒരു വര്‍ഷം കാസര്‍കോട് ജില്ലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് ഇപ്പോള്‍ കുട്ടികളും രക്ഷിതാക്കളും 'നല്ലപിള്ള'കളായിരിക്കുന്നത്. പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ 25000 രൂപയാണ് പിഴ.
മാത്രമല്ല വാഹന ഉടമയ്‌ക്കോ രക്ഷിതാക്കള്‍ക്കോ മൂന്നു വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും. നിയമലംഘനം നടത്തുന്ന കുട്ടി പ്രായപൂര്‍ത്തിയായാലും 24 വയസിനു ശേഷം മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളു.
പിഴ ശിക്ഷ കനത്തതാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചതിനുള്ള കേസുകള്‍ നാമാത്രമാകാന്‍ കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള കേസുകള്‍ എല്ലാ വര്‍ഷവും രജിസ്റ്റര്‍ ചെയ്യുന്നത് കാസര്‍കോട് ജില്ലയിലായിരുന്നു.
ജില്ലയിലെ പല വിദ്യാലയങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഏറെപേരും കാറുകളിലും ബൈക്കുകളിലുമാണ് സ്‌കൂളുകളിലും കോളജുകളിലും എത്തിയിരുന്നത്. ഇതില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരുമായിരുന്നു. ലൈസന്‍സ് ഇല്ലാത്തതിനാല്‍ പലരും വാഹനം സമീപ പ്രദേശങ്ങളില്‍ മറ്റും നിര്‍ത്തിയിട്ടായിരുന്നു വിദ്യാലയങ്ങളിലേക്കു പോയിരുന്നത്.
നിയമം തെറ്റിച്ച് വാഹനമോടിക്കുന്ന വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്താലും ഉടന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നതോടെ എല്ലാവര്‍ക്കും എതിരേ നടപടിയെടുക്കാന്‍ പൊലിസിന് കഴിഞ്ഞിരുന്നുമില്ല. പലപ്പോഴും മാപ്പെഴുതി വിട്ടയക്കുകയായിരുന്നു പതിവ്.
പിടികൂടുന്ന മുഴുവന്‍ പേര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ ഒരു വര്‍ഷം കുട്ടി ഡ്രൈവര്‍മാരുടെ നിയമലംഘനം തന്നെ ആയിരം കടക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."