പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ പിടിയില്‍
കൊടുങ്ങല്ലൂര്‍: പറവൂരില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയ കേസില്‍ ഒന്നാം പ്രതിയടക്കം നാല് പേരെ അഴീക്കോട് നിന്നും പിടികൂടി.
ഒന്നാം പ്രതി വെടിമറ കാഞ്ഞിരപറമ്പില്‍ ബിജിലിയുടെ മകന്‍ അബ്ദുല്ല (26) തോപ്പില്‍ സലീം മകന്‍ സജാദ് (27) കൂട്ടുകാട് വെള്ളിമുറ്റം പ്രദീപിന്റെ മകന്‍ വിഷ്ണു (21) ചേന്ദമംഗലം ചാത്തനാട് കണിച്ചാരപറമ്പില്‍ മോഹനന്‍ മകന്‍ വിനോദ് (26) എന്നിവരെയാണ് അഴീക്കോട് പുത്തന്‍പള്ളി പടിഞ്ഞാറ് നമ്പൂരിമഠം ഹരിദാസന്‍ കോളനിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് രക്ഷപ്പെട്ട ചെറായി കബാലിപറമ്പില്‍ മുഹമ്മദാലി മകന്‍ ഷെമീര്‍ (26) നെ ചെറായില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
ഹരിദാസന്‍ കോളനിയില്‍ മാരാത്ത് അബ്ദുല്‍ കരീമിന്റെ അടഞ്ഞ് കിടന്നിരുന്ന വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അബ്ദുല്‍ കരീമിന്റെ മകന്‍ അല്‍താഫ് (26) ആണ് പ്രതികളെ വീട്ടില്‍ ഒളിപ്പിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് അയല്‍വാസികളോട് ഗള്‍ഫിന് പോകുവാന്‍ ഇന്റര്‍വ്യുവിന് വന്ന കോഴിക്കോട്ടുകാരായ സുഹൃത്തുക്കളാണ് എന്ന് പരിചയപ്പെടുത്തി രണ്ട് പേരെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മൂന്നു പേര്‍ കൂടി സംഘത്തില്‍ ചേര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ ശനിയാഴ്ച വൈകീട്ട് പഞ്ചായത്ത് അംഗം സാദത്തിനെ വിവരമറിയിച്ചിരുന്നു. സാദത്ത് രാവിലെ ഇവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കാനിരിക്കെയാണ് ഞായറാഴ്ച പുലര്‍ചെ രണ്ട് മണിയോടെ പറവൂരില്‍ നിന്നെത്തിയ പൊലിസ് സംഘം പ്രതികളെ പിടികൂടിയത്. പൊലിസ് സാന്നിദ്ധ്യം മണത്തറിഞ്ഞ അഞ്ചാമന്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഒന്നാം പ്രതിയുടെ പിതാവ് ബിജിലിയെ കഴിഞ്ഞയാഴ്ച ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. കുടുംബസമേതം കാറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒന്നാം പ്രതിയുടെ നേതൃത്വത്തില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി കുടുംബാംഗങ്ങളെ അക്രമിച്ച് ബലമായി പിടിച്ചു കൊണ്ട് പോയി ഒളിവില്‍ താമസിക്കുകയായിരുന്നു.
കഴിഞ്ഞ 24 നായിരുന്നു സംഭവം. പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും തുടരന്വേഷണം നിര്‍ത്തിവെക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ 31 ന് ഉത്തരവിട്ടിരുന്നു. പിന്നീട് സ്റ്റേ പിന്‍വലിച്ചതോടെയാണ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."