ശ്രീജിവിന്റെ മരണം: സി.ബി.ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി മടക്കി
തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ നീതിതേടി കഴിഞ്ഞ 1365 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണം ആത്മഹത്യയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി മടക്കി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അനുസരിച്ചുള്ള മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ശ്രീജിവിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നതുപോലെ കസ്റ്റഡി മരണമല്ലെന്നും വ്യക്തമാക്കി സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനൊപ്പം അന്വേഷണം അവസാനിപ്പിക്കുന്നതായും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കേണ്ടിയിരുന്ന പതിനഞ്ചോളം പ്രധാന രേഖകള്‍ സി.ബി.ഐ ഹാജരാക്കിയില്ലെന്ന സാങ്കേതിക കാരണത്താലാണ് കോടതി റിപ്പോര്‍ട്ട് തള്ളിയത്.
ശ്രീജിവ് പൊലിസ് കസ്റ്റഡിയില്‍ വിഷംകഴിച്ചു മരിച്ചെന്ന പൊലിസ് നിഗമനത്തെ സി.ബി.ഐയും ശരിവച്ചിരുന്നു. എന്നാല്‍, ശ്രീജിവിന്റെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെട്ട റിപ്പോര്‍ട്ടാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. നെയ്യാറ്റിന്‍കരയിലെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ഡോക്ടര്‍മാരോട് വിഷം കഴിച്ച കാര്യം ശ്രീജിവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 15ല്‍ അധികം രേഖകള്‍ റിപ്പോര്‍ട്ടിന് അനുബന്ധമായി ചേര്‍ക്കാനാണ് കോടതി അവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."