കരുണ വറ്റാത്ത മനസുകള്‍; ബസ് ജീവനക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍
തളിപ്പറമ്പ്: ബസ് ജീവനക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ട് യുവാവിന് ജീവന്‍ തിരിച്ചുകിട്ടി. പരിയാരം സഹകരണ ഹൃദയാലയയിലെ ജീവനക്കാരനായ കെ.വി ഹരീഷാണ്(42) മരണത്തില്‍നിന്നും രക്ഷപ്പെട്ടത്.
രാജഗിരിയില്‍നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ജാന്‍വി ബസ് ജീവനക്കാരാണ് ഹരീഷിന്റെ രക്ഷകരായത്. പയ്യന്നൂരില്‍നിന്നും പരിയാരത്തേക്ക് ബസില്‍ കയറിയ ഹരീഷ് എടാട്ട് സ്റ്റോപ്പില്‍വച്ചാണ് ഹൃദയാഘാതം മൂലം ബസില്‍ കുഴഞ്ഞുവീണത്.
അപകടാവസ്ഥ മനസിലാക്കിയ ഡ്രൈവര്‍ രാജപുരത്തെ ജോബിയും കണ്ടക്ടര്‍ സൈനേഷും ക്ലീനര്‍ സിബിയും ബസ് ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് വിടുകയായിരുന്നു. പിലാത്തറയിലും മറ്റും ഇറങ്ങാനുള്ള യാത്രക്കരും കാര്യത്തിന്റെ ഗൗരവം മനസിലാക്കി സഹകരിച്ചു.
ലൈറ്റിട്ട് നിര്‍ത്താതെ ഹോണടിച്ചാണ് ബസ് ഹൃദയാലയയില്‍ എത്തിച്ചത്.
കാഷ്വാലിറ്റിയിലേക്ക് അമിതവേഗതയില്‍ ബസ് വരുന്നത് കണ്ടതോടെ ജീവനക്കാര്‍ സ്‌ട്രെക്ചര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി എത്തി ഹരീഷിനെ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു.
ബസ് ജീവനക്കാര്‍ സന്ദര്‍ഭത്തിന് അനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിച്ച് രോഗിയെ ഉടനെ എത്തിച്ചത് കൊണ്ടുമാത്രമാണ് രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."