മാലിന്യ നിര്‍മാര്‍ജനത്തിന് പുതുതലമുറ വഴികാട്ടണം: കലക്ടര്‍
വര്‍ക്കല: വര്‍ക്കല നഗരസഭയുടെയും ഹരിത കേരളം മിഷന്റെയും പെലിക്കണ്‍ ഫൗണ്ടേഷന്റെയും ജില്ലാ ശുചിത്വമിഷന്റെയും സഹകരണത്തോടെ നടത്തുന്ന സീറോ വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി വര്‍ക്കല യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോളജ് ഗ്രീന്‍ ക്യാംപസായി കലക്ടര്‍ ഡോ. കെ. വാസുകി പ്രഖ്യാപിച്ചു.
ഇതിനോടനുബന്ധിച്ച് നടന്ന മാരത്തണ്‍ വര്‍ക്കല മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അനിജോ ഫ്‌ളാഗ് ഓഫ് ചെയ്തു. വര്‍ക്കല റെയില്‍വേ സ്റ്റേഷനു മുന്നില്‍ നിന്ന് ആരംഭിച്ച മാരത്തണ്‍ ശിവഗിരിയില്‍ അവസാനിച്ചു. കലക്ടര്‍, നഗരസഭാ പ്രതിനിധികള്‍ യു.ഐ.എം കോളജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ മാരത്തണില്‍ പങ്കെടുത്തു. മാരത്തണിന്റെ ഭാഗമായി വര്‍ക്കല ജങ്ഷന്‍ മുതല്‍ ശിവഗിരി വരെ റോഡിന് ഇരുവശമുണ്ടായിരുന്ന അജൈവ മാലിന്യങ്ങള്‍ കലക്ടറും വിദ്യാര്‍ഥികളും ചേര്‍ന്ന് ശേഖരിച്ച് ബീക്കണ്‍ പ്രോജക്ടിനു കൈമാറി. ബീക്കണ്‍ പ്രോജക്ടിന്റെ സന്ദേശം നഗരസഭയിലെ എല്ലാ വീടുകളിലും എത്തിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടര്‍ പറഞ്ഞു.
മാലിന്യനിര്‍മാര്‍ജനത്തിന് പുതുതലമുറ വഴികാട്ടണം. യു.ഐ.എമ്മിന്റെ മാതൃകയില്‍ വര്‍ക്കലയിലെ മറ്റ് വിദ്യാലയങ്ങളും പ്രകൃതി സൗഹൃദമാക്കുന്നതിന് വേണ്ട സഹായങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കുമെന്നും കലക്ടര്‍ ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."