കാസ്റ്റര്‍ സെമന്യ ഫുട്ബോളിലേക്ക്
കേപ്ടൗണ്‍: വിവാദ ഒളിംപിക് ചാംപ്യന്‍ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ ഇനി ഫുട്ബോള്‍ ഗ്രൗണ്ടിലേക്ക്. വനിതകളുടെ 800 മീറ്റര്‍ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവായ കാസ്റ്റര്‍ സെമന്യ ദക്ഷിണാഫ്രിക്കന്‍ വനിതാ ഫുട്ബോള്‍ ടീമായ ജെ.വി.ഡബ്ല്യു എഫ്.സിയുമായി കരാറിലെത്തിയതോടെയാണ് താരം ഫുട്ബോളിലേക്കെന്ന് കായികലോകം അറിഞ്ഞത്. ട്രാന്‍സ്ഫര്‍ ജാലകം ഔദ്യോഗികമായി അടച്ചതിനാല്‍ അടുത്ത വര്‍ഷം തുടക്കം മുതല്‍ സെമന്യക്ക് കളിക്കാം.
2012 ലണ്ടന്‍, 2016 റിയോ ഡി ജനീറോ ഒളിംപിക്സുകളില്‍ 800 മീറ്ററില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് 28കാരിയായ സെമന്യ. താരത്തിന്റെ അസാമാന്യ പ്രകടനത്തിലാണ് പുരുഷനാണെന്ന ആരോപണം ഉയരുന്നത്. പിന്നീട് ഇത് വിവാദമാവുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കളിക്കളത്തില്‍നിന്ന് വിട്ടുനിന്നശേഷമാണ് സെമന്യ തിരിച്ചെത്തിയതും രണ്ട് ഒളിംപിക്സുകളില്‍ സ്വര്‍ണം നേടിയതും.
ശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ടെസ്റ്റാസ്റ്റെറോണ്‍ ഹോര്‍മോണിന്റെ അളവാണ് 2018ല്‍ സെമന്യക്ക് വീണ്ടും വില്ലനായത്. ടെസ്റ്റാസ്റ്റെറോണിന്റെ അളവ് കുറച്ചാല്‍ മാത്രമെ മധ്യദൂര മത്സരങ്ങളില്‍ പങ്കെടുക്കാനാകൂ എന്ന് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് തീരുമാനിച്ചു.
ഇതിനെതിരേ സെമന്യ രാജ്യാന്തര കായിക കോടതിയെ സമീപിക്കുകയും കോടതി സെമന്യയുടെ അപ്പീല്‍ തള്ളുകയും ചെയ്തു.
ഇതോടെ ഈ വര്‍ഷം വരാനിരിക്കുന്ന ലോകചാംപ്യന്‍ഷിപ്പില്‍ സെമന്യക്ക് പങ്കെടുക്കാനാവില്ല. ഇതിനു പിന്നാലെയാണിപ്പോള്‍ ഫുട്ബോളിലേക്കുള്ള താരത്തിന്റെ അപ്രതീക്ഷിത പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."