ഭൂപതിവ് ചട്ടത്തിലെ ഭേദഗതി നീക്കം കേരളംകണ്ട ഏറ്റവും വലിയ കൊള്ളയെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1964ലെ ഭൂപതിവ് ചട്ടങ്ങളിലെ നാലാംചട്ടത്തില്‍ ഭേദഗതി വരുത്തി രണ്ട് ഉപചട്ടങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്.
2019 മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. ഇതനുസരിച്ച് ജിയോളജിസ്റ്റ്, കൃഷി ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ ചേര്‍ന്നാല്‍ സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ എവിടെയും ഖനനാനുമതി നല്‍കാമെന്ന സ്ഥിതിയാണ്. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സര്‍ക്കാര്‍, യഥേഷ്ടം അനുവദിക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ നടത്തിയത്. ഇതിനു പിന്നില്‍ വന്‍ അഴിമതിയും തീവെട്ടിക്കൊള്ളയുമാണെന്നും ഇതില്‍ സമഗ്രാന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പതിച്ച് നല്‍കിയ ഭൂമിയില്‍ ഖനനം അനുവദിക്കാനുള്ള തീരുമാനം ക്വാറി മാഫിയക്ക് വേണ്ടിയാണ്. റവന്യൂ മന്ത്രിയുടെ അധികാരത്തില്‍പ്പെടുന്ന വിഷയത്തില്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയാണ് ഔട്ട് ഓഫ് അജണ്ടയായി ഭേദഗതി കൊണ്ടുവന്നത്. 48 മണിക്കൂറിനകം സര്‍ക്കാരിന്റെ ഉത്തരവും പുറത്തിറങ്ങി. എന്നാല്‍ അതേദിവസം തീരുമാനിച്ച കര്‍ഷക മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ തുടര്‍തീരുമാനമുണ്ടായില്ല. 2019 മാര്‍ച്ച് എട്ടിന് ഉത്തരവ് ഇറങ്ങിയെങ്കിലും നോട്ടിഫിക്കേഷന്‍ ഇറങ്ങാത്തത് സംശയകരമാണ്. റവന്യൂ മന്ത്രി ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ക്വാറി മാഫിയയെ സഹായിക്കാനുള്ള പരസ്യമായ തീരുമാനമെടുത്തത് ആരാണ്.
ഈ വിഷയത്തില്‍ സി.പിഐ അഭിപ്രായം വ്യക്തമാക്കണം. കഴിഞ്ഞ പ്രളയത്തിനുശേഷം 119 ക്വാറികള്‍ക്കാണ് അനുമതി നല്‍കിയത്. കേരളം പുനര്‍ നിര്‍മിക്കുകയല്ല കേരളം പൊട്ടിച്ചു വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."