പി.എസ്.സി പരീക്ഷാത്തട്ടിപ്പ് ക്രൈംബ്രാഞ്ച് വീണ്ടും പരീക്ഷയെഴുതിക്കും
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ റാങ്ക് പട്ടികയില്‍ ഇടംനേടിയ പ്രതികളെക്കൊണ്ട് വീണ്ടും പരീക്ഷ എഴുതിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. പൊലിസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയില്‍ ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും, നസീമിന് 21ാം റാങ്കുമായിരുന്നു ലഭിച്ചത്. പരീക്ഷ നടത്താന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാം പ്രതിയായ പൊലിസുകാരന്‍ ഗോകുല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പി.എസ്.സി പരിശീലന കേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്റെ മൊഴി. എന്നാല്‍ ചോദ്യപേപ്പര്‍ ആരാണ് ചോര്‍ത്തി നല്‍കിയതെന്ന് അറിയില്ലെന്നും ഗോകുല്‍ പറഞ്ഞിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പി.എസ്.സിയുടെ നടപടികള്‍ കാരണമായെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ക്രമക്കേട് കണ്ടെത്തിയതും പ്രതികള്‍ ഉപയോഗിച്ച മൊബൈലിന്റെ വിശദാംശങ്ങള്‍ പി.എസ്.സി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഒളിവില്‍ പോയതും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ ഇടയായതുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
അതേസമയം, ചില എസ്.എഫ്.ഐ നേതാക്കള്‍ക്ക് യൂനിവേഴ്‌സിറ്റി കോളജിലുള്ള പരിധിവിട്ട സ്വാധീനം ഉപയോഗിച്ച് പി.എസ്.സി പരീക്ഷാ തട്ടിപ്പ് നടത്താന്‍ തലസ്ഥാനത്ത് സ്ഥിരംസംഘം പ്രവര്‍ത്തിച്ചിരുന്നെന്ന വിലയിരുത്തലും ക്രൈംബ്രാഞ്ചിനുണ്ട്. ഇപ്പോള്‍ ഒളിവിലുള്ള, പരീക്ഷാ തട്ടിപ്പുകേസിലെ മുഖ്യപ്രതി പി. പി പ്രണവിന്റെ നേതൃത്വത്തിലാണു സംഘം പ്രവര്‍ത്തിച്ചിരുന്നത്. പരീക്ഷയെഴുതുന്നവരെയും ചോദ്യക്കടലാസ് ചോര്‍ത്തുന്നവരെയും ഉത്തരം തയാറാക്കി അയച്ചുകൊടുക്കുന്നവരെയും തമ്മില്‍ കൂട്ടിയിണക്കിയ കണ്ണിയായിരുന്നു കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ രണ്ടാംറാങ്കുകാരനായ പ്രണവ്. ഇയാളെ കിട്ടിയാലേ തട്ടിപ്പിന്റെ ചിത്രം വ്യക്തമാകൂ. പ്രണവിനെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും.
യൂനിവേഴ്‌സിറ്റി കോളജില്‍നിന്നു ചോര്‍ത്തിയ ചോദ്യക്കടലാസ് പുറത്തെത്തിച്ചു തന്നത് ഒരു യുവാവാണെന്നാണ് അറസ്റ്റിലായ കോണ്‍സ്റ്റബിള്‍ ഗോകുല്‍ നല്‍കിയ മൊഴി. എന്നാല്‍ ഇയാളെയോ താന്‍ അയച്ചുകൊടുത്ത ഉത്തരമെഴുതിയ ശിവരഞ്ജിത്തിനെയോ നസിമിനെയോ മുന്‍പരിചയമില്ല. ചോദ്യക്കടലാസ് കൈമാറിയ ആളെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ഗോകുല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ചോര്‍ത്തല്‍, ഉത്തരം തയാറാക്കല്‍, പരീക്ഷയെഴുതല്‍ എന്നിവയിലേര്‍പ്പെടുന്ന മൂന്നു വ്യത്യസ്ത സംഘങ്ങളും പരസ്പരം ബന്ധപ്പെടാത്ത തരത്തിലായിരുന്നു പ്രണവിന്റെ 'ഓപറേഷന്‍'. ഇത്തരത്തില്‍ ഇതിനു മുന്‍പും പ്രണവ് തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഈ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേരെക്കുറിച്ച് അന്വേഷകര്‍ക്കു സൂചന ലഭിച്ചിട്ടുണ്ട്. വൈകാതെ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."