മൂന്ന് മാസത്തിനകം ഹൈടെക് ലാബ് ഒരുക്കും: മന്ത്രി
കല്‍പ്പറ്റ: പൊതുവിദ്യാലയ സംരക്ഷണത്തിന്റെ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം ജില്ലയിലെ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്.
ജില്ലയിലെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം രണ്ടാഘട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊജക്ടര്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, ശബ്ദ സംവിധാനം എന്നിവയടങ്ങുന്ന കേന്ദ്രീകൃത രീതിയിലായിരിക്കും ലാബ് ഒരുങ്ങുക.
കേരളത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാലയ സംസ്ഥാനമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനയി 300 കോടി രൂപയാണ് ഈ വര്‍ഷം ചെലവഴിക്കുക.നിലവില്‍ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ 141 സ്‌കൂളുകള്‍ 2000 കോടി ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. സംസ്ഥാനത്തൊട്ടാകെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കിയിട്ടുണ്ട്. ജില്ലയില്‍ മാത്രമിത് 1350 ഓളമുണ്ട്. അവശേഷിക്കുന്ന ആറ് ക്ലാസ് മുറികള്‍കൂടി ഉടന്‍ ഹൈടെക് ആക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പൊതുവിദ്യാലയങ്ങളെ സാങ്കേതികമായും അക്കാദമികമായും മുന്നിലെത്തിക്കാന്‍ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന കുറവുകള്‍ കൂടി കൃത്യമായി കണ്ടെത്തി പരിഹരിക്കും. വിദ്യാഭ്യാസ മേഖലയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും അക്കാദമിക് രംഗങ്ങളില്‍ പിറകോട്ടു പോവുന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാക്കും.
അക്കാദമിക് മികവാണ് പ്രധാനലക്ഷ്യം. കരിക്കുലം ഉദ്ദേശിക്കുന്ന പഠനരീതി എല്ലാ കുട്ടികളിലും എത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുകയുമാണ് അക്കാദമിക് മികവിന്റെ വിജയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനായി ഏറ്റവും ജനകീയവും ശാസ്ത്രീയവുമായ രീതികളിലൂടെ ലോകത്തിനു തന്നെ മാതൃകയാവുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിനാണ് തുടക്കമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരീക്ഷകളിലൂടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്ന ശാസ്ത്രീയ രീതികള്‍ അവലംബിക്കും. സ്‌കൂളുകളെ എല്ലാതലത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ആദ്യഘട്ടമായി പാഠപുസ്തകങ്ങളിലെ ഒരു അധ്യായമെങ്കിലും ഡിജിലറ്റലാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അധ്യാപകര്‍ക്കുവേണ്ടി തുടങ്ങിയ സമഗ്രപോര്‍ട്ടല്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും പ്രധാനാധ്യപകരോടും പ്രിന്‍സിപ്പാള്‍മാരോടും നിര്‍ദ്ദേശിച്ചു. അടുത്ത അധ്യയന വര്‍ഷം നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കും. അഞ്ചൂറിലധികം കുട്ടികളുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു കോടി രൂപ നല്‍കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായത്തിനായി എയിഡഡ് സ്‌കൂളുകള്‍ക്ക് ചലഞ്ചിങ് ഫണ്ട് പദ്ധതിയിലൂടെ അപേക്ഷിക്കാം. ഡയറ്റ് കേന്ദ്രങ്ങളെ പ്രദേശിക എസ്.ഇ.ആര്‍.ടികളാക്കി മാറ്റുകയും അധ്യാപകര്‍ക്കായി പ്രദേശിക പരിശീലനം നല്‍കാന്‍ സജ്ജമാക്കുകയും ചെയ്യും.
അടുത്തഘട്ടത്തില്‍ അധ്യാപകരുടെ സംശയങ്ങള്‍ ഡയറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കൂടാതെ മുഴുവന്‍ വിദ്യാഭ്യാസ ഓഫിസുകളും പൂര്‍ണ്ണമായും ആധൂനികവത്കരിക്കും. അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് മുന്‍പായി അധ്യയന വര്‍ഷത്തെ മുഴുവന്‍ പുസ്തകങ്ങളും ലഭ്യമാക്കുമെന്നും പരാതികള്‍ ഉണ്ടായാല്‍ ഉദ്യോഗസ്ഥരോടും അധ്യാപകരോടും പരിശോധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."