ഡി.ഐ.ജി ഓഫിസ് മാര്‍ച്ച്: സി.പി.ഐ നേതാക്കളെ തിരഞ്ഞ് പൊലിസ്, അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും: എല്‍.ഡി.എഫില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉറപ്പായി
കൊച്ചി: സി.പി.ഐയുടെ എറണാകുളം ഡി.ഐ.ജി ഓഫിസ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പിടിമുറുക്കി പൊലിസ്. പ്രതിപ്പട്ടികയിലുള്ള സി.പി.ഐ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു, എല്‍ദോ എബ്രഹാം എം.എല്‍.എ, സംസ്ഥാന കമ്മിറ്റി അംഗം സുഗതന്‍ എന്നിവരടക്കം പത്തുപേരാണ് പ്രധാനമായും പ്രതിപ്പട്ടികയിലുള്ളത്. ലാത്തിച്ചാര്‍ജിനിടെ പൊലിസിനെ ആക്രമിച്ചുവെന്ന കേസില്‍ നേരത്തെ സി.പി.ഐ നേതാവായ അന്‍സാര്‍ അലിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സി.പി.ഐ നേതൃത്വം സര്‍ക്കാരിനെതിരേ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കേസില്‍ തുടര്‍ നടപടികളുമായി പൊലിസ് മുന്നോട്ട് പോവുകയാണ്.
സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതില്‍ രാജുവിനെതിരായ നിലപാടാണ് ഞാറക്കല്‍ സി.ഐ സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്നാണ് സി.ഐയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് സി.പി.ഐ ഡി.ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതും ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ക്ക് പരുക്കേറ്റതും.എം.എല്‍.എ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് പരുക്കേറ്റ ഡി.ഐ.ജി ഓഫിസ് മാര്‍ച്ചിന് കാരണക്കാരനായ ഞാറക്കല്‍ സി.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സി.പി.ഐ നിരവധി തവണ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നേതാക്കളുടെ ആവശ്യം അംഗീകരിക്കാതെ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ എസ്.ഐ വിപിന്‍ദാസിനെ മാത്രം സസ്പെന്‍ഡ് ചെയ്ത് തടിയൂരുകയാണ് സര്‍ക്കാര്‍ ചെയ്തത്. ലാത്തിച്ചാര്‍ജ് വിവാദത്തെ തുടര്‍ന്ന് എറണാകുളത്തെ സി.പി.ഐ- സി.പി.എം ബന്ധത്തിലും ഉലച്ചില്‍ തട്ടിയിരുന്നു.
പി. രാജു, എല്‍ദോ എബ്രഹാം എം.എല്‍.എ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് സെന്‍ട്രല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മുന്‍കൂട്ടി അനുമതി വാങ്ങാതെയായിരുന്നു മാര്‍ച്ചെന്നും കട്ടയും കുറുവടിയും കല്ലുമായാണു പ്രവര്‍ത്തകര്‍ എത്തിയതെന്നുമാണ് എഫ്.ഐ.ആര്‍. അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുള്ള ഉദ്യോഗസ്ഥനെ പരുക്കേല്‍ക്കുംവിധം മനഃപൂര്‍വം ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അസി. കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു, സര്‍ക്കാര്‍ വാഹനത്തിന്റെ ഗ്രില്ലിനും ഏഴോളം ഷീല്‍ഡുകള്‍ക്കും ബാരിക്കേഡുകള്‍ക്കും നാശം വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, കേസില്‍ പൊലിസ് പിടിമുറുക്കിയതോടെ മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോ എബ്രഹാം എം.എല്‍.എയും ജില്ലാ സെക്രട്ടറി പി. രാജുവും കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമണെന്നും പൊലിസ് തങ്ങളെ അനാവശ്യമായി മര്‍ദിക്കുകയാണ് ചെയ്തതെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."