പ്രളയം: വിദ്യാര്‍ഥികളെ സ്‌കൂളില്‍ തിരികെ എത്തിക്കും- മന്ത്രി സി. രവീന്ദ്രനാഥ്
കല്‍പ്പറ്റ: പ്രളയാനന്തരം ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ വീടുകളിലേക്ക് ജനകീയയാത്ര നടത്തി ഒരുമാസത്തിനുള്ളില്‍ അവരെ തിരികെ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.
ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന പ്രധാനാധ്യപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് ജനകീയയാത്ര നടത്തുക.
പ്രളയാനന്തരം വിദ്യാര്‍ഥികളുടെ വീടുകളിലെ സാമൂഹിക പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും യാത്രയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
സംസ്ഥാനത്ത് പൊതുവെ പ്രളയത്തിന്് ശേഷം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് കുറവാണെന്നാണ് യൂനിസെഫ് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ കണ്ടെത്തിയത്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി വിദ്യാര്‍ഥികളെ തിരികെയെത്തിക്കും.
കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളുടെ കണക്കുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരാത്ത കുട്ടികള്‍ക്ക് ഹാജര്‍ നല്‍കുന്നത് തലമുറ വളര്‍ച്ചക്ക് തടസമാകും.
ഇക്കാര്യത്തില്‍ സത്യസന്ധമായ ഇടപ്പെടലുണ്ടാവണമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ ജില്ലയുടെ എല്ലാ പിന്നാക്കാവസ്ഥയും പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവും.
പ്രളയത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കുണ്ടായിരിക്കുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ പാക്കേജ് നടപ്പാക്കും.
അതിനായി സ്‌കൂളുകളുടെ വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച് കര്‍മപദ്ധതി തയാറാക്കണം. സ്‌കൂളുകളില്‍ വെള്ളം കയറി നശിച്ച കംപ്യൂട്ടറുകള്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍വസ്ഥിതിയിലാക്കും.
പ്രളയാനന്തരം വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ഒരു വിദ്യാര്‍ഥിയും സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോവാന്‍ പാടില്ല.
കുട്ടികളുടെ പ്രതീക്ഷകള്‍ സംരക്ഷിച്ച് പ്രളയത്തിന് മുന്‍പുണ്ടായിരുന്ന മാനസികാവസ്ഥയിലേക്ക് അവരെ പൂര്‍ണ്ണമായെത്തിക്കണം.
മനസിന്റെ പുനര്‍നിര്‍മാണവും വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമായും ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ സ്ഥാപിക്കണം.
കാംപസ് പാഠപുസ്തകമാവുന്നതിനൊടൊപ്പം കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കുറയുന്നത് കുട്ടികളെ ഊര്‍ജ്ജ്വലമാക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ ദേവകി, വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ. പ്രഭാകരന്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഹണി ജി അലക്‌സാണ്ടര്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ജി.എന്‍ ബാബുരാജ്, ഹയര്‍സെക്കന്‍ഡറി റിജീയണല്‍ ഉപഡയരക്ടര്‍ ഗോകുല്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ ലീന, ജില്ലയിലെ ഹയര്‍സെക്കന്‍ഡറി-വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാര്‍, ഹൈസ്‌കൂള്‍-പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യപകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."