സഊദിയില്‍ വീണ്ടും ഭരണ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ കുമാരന്റെയും കീഴിയിലുള്ള സഊദി മന്ത്രി സഭയില്‍ വീണ്ടും ഭരണ പരിഷ്‌കാരങ്ങള്‍. ഭരണാധികാരി സല്‍മാന്‍ രാജാവ് തന്നെയാണ് പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ചില മന്ത്രായലയങ്ങളും അതോറിറ്റികളും നിലവില്‍ വരികയും തലസ്ഥാന നഗരിയെ അടിമുടി മാറ്റാനായി റോയല്‍ കമ്മീഷന്‍ രൂപീകരിക്കുകയും ഏതാനും മന്ത്രിമാര്‍ക്ക് സ്ഥാലന ചലനം ഉണ്ടാകുകയും ചെയ്തു. അഴിമതിര്‍ക്കെതിരെ ശക്തമായ നീക്കത്തിനും പ്രത്യേക നിര്‍ദേശമുണ്ട്. വെള്ളിയാഴ്ച്ച അര്‍ദ്ധ രാത്രിയാണ് പുതിയ രാജവിജ്ഞാപനം പ്രഖ്യാപിച്ചത്. തൊഴില്‍ മന്ത്രാലയത്തിലെ പ്രഥമ വനിതാ മന്ത്രിയായിരുന്ന ഡോ. തമാദ് അല്‍ റമാഹിനും സ്ഥാന ചലനമുണ്ടായിട്ടുണ്ട്.
സഊദി ഊര്‍ജ്ജ വ്യവസായ മന്ത്രാലയമാണ് രണ്ടു മന്ത്രാലയമാക്കി മാറ്റിയത്. ഊര്‍ജ്ജ മന്ത്രാലയം എന്നാക്കി മാറ്റുകയും വ്യവസായ മേഖലക്കായി വ്യവസായ, മിനറല്‍ റിസോഴ്‌സ് മേഖലക്ക് പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. പുതിയ മന്ത്രാലയമായ വ്യവസായ, മിനറല്‍ റിസോഴ്‌സസ് മന്ത്രിയായി ബന്ദര്‍ അല്‍ഖുറൈഫിനെ നിയമിച്ചു. തലസ്ഥാന നഗരിയായ റിയാദിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ടായിരുന്ന റിയാദ് വികസന അതോറിറ്റിയെ റോയല്‍ കമ്മീഷന് കീഴിലാക്കിയിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് റിയാദ് റോയല്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ്. ഉപദേഷ്ടാവായി ഡോ. ബന്ദര്‍ അല്‍ഈബാനെയും മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് ആയി ഡോ. അവാദ് അല്‍അവാദിനെയും ദേശീയ അഴിമതി വിരുദ്ധ അതോറിറ്റി പ്രസിഡന്റ് ആയി മാസിന്‍ അല്‍കഹ്‌മോസിനെയും നിയമിച്ചു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രസിഡന്റ് പദവിയില്‍ ഡോ. അബ്ദുല്ല ബിന്‍ ശറഫ് അല്‍ഗാംദിയെ നിയമിച്ചിട്ടുണ്ട്.
സഊദി ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്ന പേരില്‍ പ്രത്യേക അതോറിറ്റിയാണ് പുതുതായി രൂപീകരിച്ചത്. ഇതിനു കീഴില്‍ നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്ററും നാഷണല്‍ ഡാറ്റാ മാനേജ്‌മെന്റ് ഓഫീസും പുതുതായി സ്ഥാപിച്ചിട്ടുണ്ട്. വിവിധ നിയമനങ്ങള്‍ക്കും പരിഷ്‌കാരങ്ങക്കും പിന്നാലെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതി വിരുദ്ധ നടപടിയും ശക്തമാക്കുന്നുണ്ട്. അഴിമതി വിരുദ്ധ നീക്കങ്ങളോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറാന്‍ കിരീടാവകാശി നിര്‍ദേശിച്ചു. അഴിമതി വിരുദ്ധ കമ്മീഷന്റെ പുതിയ മേധാവിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റ ശേഷം നടത്തിയ ശക്തമായ അഴിമതി വിരുദ്ധ നീക്കം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഉന്നത തലത്തിലുള്ള അഴിമതി വിരുദ്ധ നീക്കങ്ങള്‍ ലക്ഷ്യം കണ്ടെന്നാണ് വിലയിരുത്തല്‍. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി നിര്‍മാര്‍ജനമാണ് പുതിയ ലക്ഷ്യം. ഇതിനായുള്ള നിര്‍ദേശം ലഭിച്ചതായി അഴിമതി വിരുദ്ധ കമ്മീഷന്‍ മേധാവിയായി നിയമിതനായ മാസീന്‍ അല്‍ ഖാമൂസ് പറഞ്ഞു. താഴേക്കിടയിലും മധ്യനിലവാരത്തിലുമുള്ള ഉദ്യോഗസ്ഥരിലെ അഴിമതി ഇല്ലാതാക്കലാണ് അടുത്ത പദ്ധതിയെന്ന് കിരീടാവകാശി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിന് സഹകരിക്കാത്ത ഉദ്യേഗസ്ഥരുടെ പട്ടിക കൈമാറാനും കിരീടാവകാശി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."