മണ്ണെണ്ണ വിളക്കുമരങ്ങളുടെ കുറ്റിയറ്റു പോകുന്നു
കൊടുങ്ങല്ലൂര്‍: വൈദ്യുതി വിളക്കുകള്‍ മിഴി തുറക്കും മുന്‍പു തെരുവുകളില്‍ വെളിച്ചം പരത്തിയിരുന്ന മണ്ണെണ്ണ വിളക്കുകളും അവ സ്ഥാപിച്ചിരുന്ന വിളക്കുമരങ്ങളും കുറ്റിയറ്റു പോകുന്നു. നാല്ക്കവലകളില് സ്ഥാപിച്ചിരുന്ന വഴിവിളക്കുകളുടെ അവശിഷ്ടങ്ങള്‍ അപൂര്‍വമായി ചിലയിടങ്ങളില്‍ കാണാം. ആദ്യകാലങ്ങളില്‍ മരത്തൂണിനു മുകളിലാണു വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നത്. പിന്നീടതു സിമന്റ് കാലുകളിലായി . തൂണിനു മുകളിലെ ചില്ലുപെട്ടിയില്‍ മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്കു ഘടിപ്പിച്ചിട്ടുണ്ടാകും. വൈദ്യുതി വരുന്നതിനു മുന്‍പു എന്നും വഴിവിളക്കുകള്‍ തെളിയിക്കാന്‍ ജോലിക്കാരെ നിയോഗിച്ചിരുന്നു. സ്ട്രീറ്റ് ലൈറ്റുകള്‍ വ്യാപകമായതോടെ വിളക്കുമരങ്ങള്‍ക്കു വിലയില്ലാതായി. ചില്ലുകൂട് തകര്‍ന്ന നിലയില്‍ തൂണുകള്‍ മാത്രം ചില സ്ഥലങ്ങളില്‍ അവശേഷിച്ചു. കാലക്രമേണ അവയും ഇല്ലാതായിത്തുടങ്ങി.
കൊടുങ്ങല്ലൂരില്‍ എടവിലങ്ങ് കുഞ്ഞയിനിയിലെ മലബാര്‍ റോഡില്‍ ഏതാനും ദിവസങ്ങള്‍ മുന്‍പു വരെ വിളക്കുമരത്തിന്റെ തൂണ് നിന്നിരുന്നു. കഴിഞ്ഞ ദിവസം പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിനായി ഈ തൂണ് പിഴുതു മാറ്റി. ഒരുപാട് കാലം നാടിനു വഴികാട്ടിയിരുന്ന വിളക്കുമരങ്ങള്‍ വിസ്മൃതിയിലാണ്ടു പോകുമ്പോള്‍ ഒപ്പം ഒരു ചരിത്രാവശിഷ്ടം കൂടിയാണ് ഇല്ലാതാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."