നെല്ലായ പഞ്ചായത്ത് ഭരണസമിതിക്കെതിരേ സമരത്തിനിറങ്ങി യു.ഡി.എഫ്
നെല്ലായ: നെല്ലായ ഗ്രാമ പഞ്ചായത്ത് സി.പി.എം. ഭരണ സമിതിയുടെ ജന വഞ്ചന, സ്വജന പക്ഷ പാതം, അഴിമതി, കെടുകാര്യസ്ഥത എന്നിവയില്‍ പ്രതിഷേധിച്ച് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വാഹന ജാഥയും ഏകദിന ധര്‍ണ്ണാ സമരവും നടത്തുമെന്ന് യു.ഡി.എഫ് ഭാരവാഹികള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ക്കുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടികിടക്കുകയാണ്. കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ലൈഫ് ഭവന പദ്ധതി അര്‍ഹരെ തഴഞ്ഞ് അനര്‍ഹരെ കുത്തിത്തിരുകി വികലമാക്കി. നൂറ് കണക്കിനാളുകളുടെ ക്ഷേമ പെന്‍ഷന്‍ മുടക്കി. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് യഥാവിധി ഉദ്യോഗസ്ഥരെ നിയമിക്കാതെ പാവപ്പെട്ട തൊഴിലാളികളുടെ ആയിരക്കണക്കിന് തൊഴില്‍ ദിനങ്ങള്‍ നഷ്ടമാക്കി. കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തില്‍ നിരവധിയാളുകളുടെ വീടുകള്‍ തകര്‍ന്നടിഞ്ഞിട്ടും പ്രളയ ബാധിത വില്ലെജുകളുടെ പട്ടികയില്‍ നെല്ലായ ഉള്‍പ്പെട്ടില്ല. യു.ഡി.എഫിന്റെ അവസരോചിത ഇടപെടല്‍ കൊണ്ടാണ് പിന്നീട് നെല്ലായ പട്ടികയില്‍ ഇടം പിടിച്ചത്. ആശ്രയ പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാത്തതിനാല്‍ നിരവധി ആളുകളുടെ ആനുകൂല്യം നഷ്ടമായി.
സി.പി.എം. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ദൈനംദിന കാര്യങ്ങള്‍ പോലും സ്തംഭനാവസ്ഥയിലാക്കി. പ്രതിമാസം പഞ്ചായത്ത് വരുമാനത്തില്‍ നിന്ന് 65000 രൂപ തെരുവ് വിളക്കുകള്‍ക്കായി വൈദ്യുതി ബോര്‍ഡില്‍ അടക്കുമ്പോഴും ഭൂരി ഭാഗവും മിഴി തുറക്കാതെ പഞ്ചായത്ത് ഇരുട്ടിലാണ്. ശരിയാക്കാന്‍ പരിപാടികളില്ല. സാധാരണക്കാര്‍ക്ക് കൂര പണിയാനുള്ള നിരവധി അപേക്ഷ തീര്‍പ്പാക്കാതെ കെട്ടികിടക്കുമ്പോള്‍ അനധികൃതമായി നിര്‍മ്മിച്ച ഷോപ്പിങ്ങ് കോംപ്ലക്‌സുകള്‍ക്ക് പിന്‍വാതിലിലൂടെ നമ്പര്‍ നല്‍കാന്‍ ശ്രമിക്കുന്നു.
കക്ഷിരാഷ്ട്രീയ ഭേദമന്യെ ഭൂരിപക്ഷ അംഗങ്ങളുടെ പിന്‍ബലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പോലും നടപ്പാക്കാതെ ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തി ഏകാധിപത്യപരമായി സ്വന്തം അഭിപ്രായം നടപ്പിലാക്കാന്‍ പ്രസിഡണ്ട് ശ്രമിക്കുന്നതായും പഞ്ചായത്തിന് വാഹനമുണ്ടായിരിക്കെ സ്വകാര്യ വാഹനം വാടകക്കെടുത്ത് യാതൊരു തത്വദീക്ഷയുമില്ലാതെ വാടക എഴുതി എടുത്ത് നികുതിപ്പണം കെള്ളയടിക്കുന്നതായും അവര്‍ ആരോപിച്ചു.
മേല്‍ വിഷയങ്ങളില്‍ പാര്‍ട്ടി മെമ്പര്‍മാരില്‍ നിന്ന് തന്നെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പാര്‍ട്ടി അച്ചടക്കത്തിന്റെ കഠാര കാണിച്ച് സി.പി.എം ഭീഷണിപ്പെടുത്തുകയാണെന്നും യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ മേലാടയില്‍ വാപ്പുട്ടിയാണ് ജാഥാ ക്യാപ്റ്റന്‍, കണ്‍വീനര്‍ കെ.രാജീവ് ജാഥാ കോഓര്‍ഡിനേറ്ററുമാണ്. മൊയ്തു കുട്ടി എന്ന കളത്തില്‍ മാന വൈസ് ചെയര്‍മാനും എം.ടി.എ നാസര്‍, മൂസ പേങ്ങാട്ടിരി , കെ.രായിന്‍ എന്നിവര്‍ ഡയറക്ടര്‍മാരുമാണ്.
പത്രസമ്മേളനത്തില്‍ മേലാടയില്‍ വാപ്പുട്ടി, കെ.രാജീവ്, കളത്തില്‍ മാന, എം.ടി എ. നാസര്‍, മൂസ പേങ്ങാട്ടിരി, കെ. രായിന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."