മേട്ടുപ്പാളയത്ത് കുഴിച്ചുമൂടിയ നിലയില്‍ കണ്ട മൃതദേഹം നീലേശ്വരം സ്വദേശിയുടേതെന്നു സംശയം
നീലേശ്വരം: തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് പാതി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം നീലേശ്വരം സ്വദേശിയുടേതെന്നു സംശയം. ബങ്കളം പള്ളത്തുവയലിലെ ദാമോദരന്‍ - സുലോചന ദമ്പതികളുടെ മകന് ധനൂപിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. ഒരു മാസം മുന്‍പ് ധനൂപിനെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് മാതാവ് സുലോചന നീലേശ്വരം പൊലിസില്‍ പരാതിയും നല്‍കിയിരുന്നു.
അന്വേഷണത്തില്‍ ധനൂപ് മേട്ടുപ്പാളയത്തുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. നാലു ദിവസം മുന്‍പാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി മേട്ടുപ്പാളയം പൊലിസ് നീലേശ്വരം പൊലിസിനെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളും പൊലിസും മേട്ടുപ്പാളയത്തെത്തിയെങ്കിലും മൃതദേഹം സംസ്കരിച്ചിരുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച തെളിവുകള്‍ ബന്ധുക്കള്‍ പരിശോധിച്ചെങ്കിലും വ്യക്തതയുണ്ടായില്ല. ധനൂപിന്റെ ശരീരത്തിലെ അടയാളങ്ങളെപ്പറ്റി ബന്ധുക്കള്‍ പൊലിസിനെ അറിയിച്ചെങ്കിലും മേട്ടുപ്പാളയം പൊലിസിന്റെ എഫ്.ഐ.ആറില്‍ അതൊന്നും ഉണ്ടായിരുന്നില്ല. വിരലടയാളം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
എന്നാല്‍ ഇത് ഇയാളുടേതാണെന്ന് ഒത്തു നോക്കാന്‍ മറ്റു വിരലടയാളങ്ങളൊന്നും കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനായി മേട്ടുപ്പാളയം പൊലിസ് ഇന്നലെ രാത്രിയോടെ നീലേശ്വരത്തെത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."