ജില്ലയില്‍ ഈ വര്‍ഷം വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് മുന്നൂറോളം ജീവനുകള്‍
പത്തിരിപ്പാല: ദേശീയ-സംസ്ഥാനപാതകള്‍ കടന്നുപോകുന്ന ജില്ലയിലെ റോഡുകളില്‍ ഈ വര്‍ഷം ഇതുവരെ പൊലിഞ്ഞത് മുന്നൂറോളം ജീവനുകള്‍. റോഡ്‌സുരക്ഷാ ബോധവല്‍ക്കരണവും പരിശോധനകളും കൃത്യമായി നടക്കുന്നുണ്ടെങ്കിലും അപകടങ്ങളുടെ തോത് അനുദിനം വര്‍ധിക്കുകയാണ്. ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ ജില്ലയില്‍ മാത്രം 271 ജീവനുകളാണ് നിരത്തുകളില്‍ പൊലിഞ്ഞത്.
ജനുവരി മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 1668 അപകടങ്ങളിലായി 1820 പേര്‍ പരുക്കേല്‍ക്കുകയും 270 ഓളം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏറ്റവും കൂടുതലാളുകള്‍ മരിച്ചത് 2015 ലാണെന്നിരിക്കെ ആ വര്‍ഷംമാത്രം പൊതുനിരത്തുകളില്‍ പൊലിഞ്ഞ് 424 ജീവനുകളാണ്. 2016 ല്‍ 366 പേരും കഴിഞ്ഞ വര്‍ഷം 384 പേരും അപകടത്തില്‍ മരിച്ചത്.
പൊതുനിരത്തുകളില്‍ വാഹനങ്ങള്‍ക്ക് വേഗതാനിയന്ത്രണസംവിധാനവും വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനായി സിഗ്നല്‍ സംവിധാനങ്ങളുമൊക്കെയുണ്ടായിട്ടും അപകടങ്ങളില്‍ വില്ലനാവുന്നത് അമിതവേഗതയാണ്. ദേശീയ-സംസ്ഥാനപാതകളില്‍ വാഹന പരിശോധനക്കായി സ്പീഡ് ട്രേസര്‍, ഇന്റര്‍സെപ്റ്റര്‍ തുടങ്ങിയ വാഹനങ്ങളുണ്ടെങ്കിലും അപകടങ്ങളുടെ തോതിന് അയവുവരുന്നില്ല. മദ്യവും ലഹരി വസ്തുക്കളുപയോഗിച്ചുള്ള ഡ്രൈവിംഗും ന്യൂജനറേഷന്‍ വാഹനങ്ങളുടെ അതിപ്രസരണവും വാഹനാപകടങ്ങള്‍ക്കു മറ്റൊരു കാരണമാണ്. നാലുവരി, ആറുവരിപ്പാതകളില്‍ പൊതുവെ അപകടങ്ങള്‍ കുറയുമ്പോള്‍ ഒറ്റവരി സംവിധാനമുള്ള ചില ദേശീയ-സംസ്ഥാന പാതകളാണ് കുരുതിക്കളമാവുന്നത്.
ഓവര്‍ടേക്കിംഗും അമിതവേഗതയും മൂലമുള്ള അപകടത്തില്‍പ്പെടുന്നവര്‍ തല്‍ക്ഷണം മരിക്കുന്ന സ്ഥിതിയാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ നിരീക്ഷണക്യാമറകളും സ്പീഡ് ബ്രേക്കുകളും വാഹനപരിശോധനയുടെ അഭാവവുമാണ് അപകടത്തിന്റെ ആക്കം കൂട്ടുന്നത്. നാലുചക്ര-ആറുചക്ര വാഹനങ്ങള്‍ മൂലമുള്ള അപകടങ്ങളും കുറവല്ല. അടുത്തകാലത്തായി മദ്യപിച്ചുവാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും ഇത്തരക്കാരോടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചതായും നിയമപാലകര്‍തന്നെ സമ്മതിക്കുന്നുണ്ട്.
രാത്രി 12 നും പുലര്‍ച്ചെ 6 നുമിടക്കു സമയത്തുള്ള അപകടങ്ങളില്‍ വില്ലനാവുന്നത് വാഹനമോടിക്കുന്നവരുടെ ഉറക്കമാണ്. ദേശീയ-സംസ്ഥാനപാതകളിലും ഗ്രാമീണ റോഡുകളിലുമൊക്കെ അപകടങ്ങള്‍ അനുദിനം വര്‍ധിക്കുമ്പോഴും പൊതുനിരത്തുകള്‍ കുരിതിക്കളമാവുമ്പോഴും ഇ സുരക്ഷാസംവിധാനങ്ങളും വാഹനപരിശോധനയും കര്‍ശനമാക്കേണ്ടത് അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."