മടങ്ങുന്ന പ്രവാസികളുടെ ശമ്പള കുടിശ്ശിക ലഭ്യമാക്കണം
തൊഴില്‍നഷ്ടപ്പെട്ട് സഊദി അറേബ്യയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാന്‍ വിദേശകാര്യസഹമന്ത്രി വി.കെ സിങ് സഊദി അറേബ്യയിലെത്തിയിരിക്കുകയാണ്. ശമ്പള കുടിശ്ശികയും തൊഴിലും നഷ്ടപ്പെട്ടു ദിവസങ്ങളായി ഇന്ത്യന്‍ തൊഴിലാളികള്‍ നരകയാതന അനുഭവിക്കുകയാണ്.
സഊദിയില്‍ മാത്രമല്ല, കുവൈത്തിലും ഒമാനിലും സമാനമായ സംഭവങ്ങളാണു മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒമാനില്‍ നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിലേയ്ക്കു തിരികെയയച്ചാല്‍പ്പോരെന്നും ലക്ഷക്കണക്കിന് സഊദി റിയാല്‍ ശമ്പള കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും അതുകിട്ടാതെ നാട്ടില്‍ ചെന്നിട്ടെന്തുഫലമാണെന്നുമാണു തൊഴിലാളികള്‍ ചോദിക്കുന്നത്.
സഊദിയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം ആ നാട്ടുകാര്‍ മാത്രമല്ല, സഊദി അറേബ്യയെ ആശ്രയിച്ചു കഴിയുന്ന ഇന്ത്യക്കാരും അനുഭവിക്കുകയാണിപ്പോള്‍. സാമ്പത്തികമാന്ദ്യം മറികടക്കാനുള്ള സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി പല തൊഴില്‍മേഖലകളില്‍നിന്നും ഇതിനകം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പുറംതള്ളപ്പെട്ടുകഴിഞ്ഞു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സഊദി പൗരന്‍മാര്‍ക്കു തൊഴിലവസരം സൃഷ്ടിക്കുന്നതോടൊപ്പം സാമ്പത്തികമാന്ദ്യം മറികടക്കാനും കൂടിയാണിത്.
സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്നു സര്‍ക്കാരിന്റെ കരാര്‍ജോലികളും നിര്‍മാണപ്രവര്‍ത്തനങ്ങളും മന്ദീഭവിച്ചതു കാരണം സഊദിയില്‍ കമ്പനികള്‍ പ്രവര്‍ത്തനം മതിയാക്കിയിരിക്കുകയാണ്. കമ്പനി ഉടമകളാകട്ടെ, തൊഴിലാളികളുടെ ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ രഹസ്യമായി സ്ഥലം വിട്ടിരിക്കുന്നു.
സഊദി സര്‍ക്കാര്‍ കരിമ്പട്ടികയില്‍പെടുത്തിയ സഊദി ഓജര്‍ കമ്പനി ലക്ഷങ്ങളുടെ സഊദി റിയാലാണു തൊഴിലാളികള്‍ക്കു ശമ്പളകുടിശ്ശികയയായി നല്‍കാനുള്ളത്. ഓജര്‍ കമ്പനിയുടെ വിവിധ ശാഖകളിലായി അരലക്ഷത്തിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ ഏറിയപങ്കും ഇന്ത്യക്കാരാണ്. മലയാളികള്‍ എഴുനൂറോളം വരുമെന്നാണ് ഔദ്യോഗികക്കണക്ക്. എട്ടുമാസത്തിലധികമായി പലതൊഴിലാളികള്‍ക്കും ശമ്പളം ലഭിച്ചിട്ട്. കമ്പനി മെസ്സുപൂട്ടിയതിനെത്തുടര്‍ന്നു തൊഴിലാളികള്‍ പട്ടിണിയിലുമായി. ഇതിനെത്തുടര്‍ന്നാണു ക്ഷമകെട്ട തൊഴിലാളികള്‍ തെരുവിലിറങ്ങി ഗതാഗതതടസ്സം സൃഷ്ടിച്ചതും വിഷയം സഊദി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നതും. ഫിലിപ്പീന്‍സ് തൊഴിലാളികളുടെ വിഷയത്തില്‍ അവരുടെ എംബസി ഇടപെട്ട് അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
ഫിലിപ്പീന്‍സ് സര്‍ക്കാര്‍ വളരെ നേരത്തേതന്നെ സഊദി അറേബ്യയിലെ കമ്പനികളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ നാട്ടുകാര്‍ക്കാവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും നമ്മുടെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു തൊഴിലാളികള്‍ക്കു സമാശ്വാസം നല്‍കുന്ന ഒരു നടപടിയുമുണ്ടായതുമില്ല. വൈകിയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്റെ ഫലം തൊഴിലാളികള്‍ക്കു കിട്ടേണ്ടതുണ്ട്. തൊഴിലാളികളെ വിദേശത്തേയ്ക്കു കയറ്റിയയക്കുന്ന പദ്ധതി സര്‍ക്കാരിനില്ലെന്നും വിദേശരാജ്യങ്ങളുമായി അത്തരത്തില്‍ കരാര്‍ ഇല്ലാത്തതിനാല്‍ വിദേശസര്‍ക്കാരുകളോടു നഷ്ടപരിഹാരം ചോദിക്കാനാവില്ലെന്നുമാണു സര്‍ക്കാര്‍ നിലപാട്.
നിത്യവൃത്തിക്കായി തൊഴില്‍തേടി ഗള്‍ഫില്‍ പോകുന്നവര്‍ക്കു തൊഴില്‍സംബന്ധമായോ മറ്റോ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവരുടെ ക്ഷേമത്തിനായി ഇടപെടുകയെന്നതാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യാനാവുന്നത് എന്നാല്‍ സര്‍ക്കാര്‍ നയം സഊദി സംഭവത്തോടെ പുനരാലോചനയ്ക്കു വിധേയമാക്കേണ്ടതുണ്ട്.
സഊദിയിലും കുവൈത്തിലും ഒമാനിലുമുണ്ടായ തൊഴില്‍ നഷ്ടപ്പെടല്‍ കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ ക്രിയാത്മകമായിത്തന്നെ ഇടപെടേണ്ടിയിരിക്കുന്നു. തൊഴിലാളികള്‍ക്കു കിട്ടാനുള്ള ശമ്പളകുടിശ്ശിക സഊദി ഓജര്‍ കമ്പനിയില്‍നിന്നോ സഊദി സര്‍ക്കാരില്‍നിന്നോ ലഭ്യമാക്കാനുള്ള സൗഹാര്‍ദ്ദപരമായ ഇടപെടല്‍ സഊദിയിലെത്തിയ മന്ത്രി വി.കെ സിങില്‍നിന്നുണ്ടാകണം. എങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ സന്ദര്‍ശനംകൊണ്ട് ഉദ്ദേശിച്ച ഫലം ലഭ്യമാകൂ. നാട്ടിലേയ്ക്കു മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കു ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കുമെന്നും കമ്പനി മാറുന്നവര്‍ക്ക് ഇഖാമ പുതുക്കിക്കൊടുക്കുമെന്നും സഊദി തൊഴില്‍ മന്ത്രാലയം ഇതിനകം ഉറപ്പുനല്‍കിയതു നല്ലകാര്യംതന്നെ. അതില്‍ അവസാനിക്കുന്നില്ല മുഖ്യപ്രശ്‌നം. എട്ടുവര്‍ഷത്തോളം ജോലി ചെയ്തു വെറുംകൈയോടെ നാട്ടിലേയ്ക്കു മടങ്ങേണ്ട അവസ്ഥയെക്കുറിച്ചു ചിന്തിക്കാന്‍പോലും തൊഴിലാളികള്‍ക്കാവില്ല. സഊദി നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്കു ലഭ്യമാക്കാന്‍ മന്ത്രി ശ്രമിക്കേണ്ടതുണ്ട്.
ഫിലിപ്പീന്‍സ് തൊഴിലാളികള്‍ക്കുവേണ്ടി അവരുടെ എംബസി ഇടപെട്ടു ശമ്പളത്തില്‍നിന്നൊരു ഭാഗം ലഭ്യമാക്കിയിട്ടുണ്ട്. നാട്ടിലേയ്ക്കയക്കാനുള്ള തുക ഫിലിപ്പീന്‍സ് തൊഴിലാളികള്‍ക്കു നല്‍കി. നയതന്ത്രസമീപനത്തിലൂടെ സഊദി സര്‍ക്കാരില്‍നിന്ന് ഇതുപോലുള്ള ആനുകൂല്യങ്ങള്‍ താല്‍ക്കാലിക ആശ്വാസമെന്ന നിലയ്‌ക്കെങ്കിലും ഇന്ത്യന്‍ തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ വി.കെ സിങിന്റെ സന്ദര്‍ശനം ഉപകരിക്കണം. ദുരിതമനുഭവിക്കുന്നവര്‍ക്കു ഭക്ഷണംനല്‍കിയും മടങ്ങാനാഗ്രഹിക്കുന്നവരെ സൗജന്യമായി കൊണ്ടുവരുന്നതിലും മാത്രം അവസാനിക്കുന്നില്ല പ്രശ്‌നങ്ങള്‍.
ഒരായുസിന്റെ അധ്വാനം മരുഭൂമിയില്‍ ഉപേക്ഷിച്ചു മടങ്ങാന്‍ ഭൂരിപക്ഷം തൊഴിലാളികളും സന്നദ്ധമാവില്ല. നാട്ടില്‍ മടങ്ങിവന്നിട്ടെന്ത് എന്ന കത്തുന്ന ചോദ്യം അവര്‍ക്കു മുമ്പിലുള്ളപ്പോള്‍ വെറും കൈയോടെ അവരെങ്ങനെ മടങ്ങിപ്പോരും. അവരങ്ങനെ മടങ്ങുകയാണെങ്കില്‍ വി.കെ സിങ്ങിന്റെ സന്ദര്‍ശനം ഒരുഗുണവും ചെയ്യില്ല. തൊഴിലാളികളുടെ ശമ്പളകുടിശ്ശിക അവര്‍ക്കു ലഭ്യമാക്കാനുള്ള ഉറപ്പ് സഊദി സര്‍ക്കാരില്‍നിന്നു നേടിയെടുക്കുകതന്നെ വേണം. ഇത്തരം പ്രശ്‌നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലും തലപൊക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തൊഴിലാളികളെ കയറ്റിയയക്കുന്ന ഏര്‍പ്പാട് ഇന്ത്യന്‍ ഗവണ്‍മെന്റിന് ഇല്ലെങ്കിലും അവിടെ തൊഴില്‍ചെയ്യുന്ന ഇന്ത്യക്കാരുടെ ന്യായമായ അവകാശങ്ങള്‍ ലഭ്യമാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഇത്തരമൊരു കരാര്‍ നിലവില്‍ ഇല്ലെങ്കില്‍ സഊദിയിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സഊദി സര്‍ക്കാരുമായും ഇതര ഗള്‍ഫ് രാഷ്ട്രങ്ങളുമായും അത്തരമൊരു കരാറില്‍ ഏര്‍പ്പെടുവാന്‍ ഗവണ്‍മെന്റ് തയാറാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."